സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്ത നബി- ഭാഗം1
സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്ത നബി- ഭാഗം1
ഇസ്‌ലാമിന്റെ അടിസ്ഥാന സങ്കല്പം സമാധാനത്തെക്കുറിച്ചുള്ളതാണ്. യുദ്ധം ഒരു അനിവാര്യതയായി വന്നു ചേരുകയാണ്. അപ്പോള് യുദ്ധനിയമങ്ങള് പ്രതിപാദിക്കേണ്ടി വരുന്നു. സത്യത്തിലേക്ക് തുറക്കുന്ന ഋജുവായ പാത ജനസമക്ഷം സമര്പ്പിക്കുകയാണ് ഇസ്‌ലാമിക ദൗത്യത്തിന്റെ കാതല്. മനുഷ്യന്റെ സര്ഗപരവും നൈസര്ഗികവും ധൈഷണികവുമായ കഴിവുകള് പൂര്ണവികാസം കൈവരിക്കുകയും അവന്റെ ആത്മീയവും ധാര്മികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള് പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള് മാത്രമേ ആ ദൗത്യനിര്വഹണം സാധ്യമാവുകയുള്ളൂ. അതിന് സമാധാനം നിലനിന്നേ മതിയാവൂ.
ഇസ്‌ലാം എന്ന അറബി ശബ്ദത്തിന് സമാധാനം എന്ന അര്ഥമുണ്ട്. മനുഷ്യ മനസ്സിലും അവന് ജീവിക്കുന്ന സമൂഹത്തിലും സമാധാനവും സ്വസ്ഥതയുമുണ്ടാവണമെങ്കില് ദൈവം നിര്ദേശിക്കുന്ന വഴി പിന്തുടരണമെന്നാണ് ഇസ്‌ലാം പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനം നിര്ബന്ധബാധ്യതയായി മനുഷ്യന്റെ മേല് കെട്ടിയേല്പ്പിക്കുന്നില്ല. അവനത് സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാം.
തെരഞ്ഞെടുപ്പിനുള്ള പൂര്ണ സ്വാതന്ത്ര്യം അവന് നല്കിയിരിക്കുന്നു. മനുഷ്യനെ ബലം പ്രയോഗിച്ച് സത്യമതത്തിലേക്ക് കൊണ്ടുവരേണ്ട ചുമതലയൊന്നും നിങ്ങള്ക്കില്ല എന്ന് അല്ലാഹു പ്രവാചകന്മാരെ ഉണര്ത്തുന്നത് ഖുര്ആനില് പലയിടത്തും നമുക്ക് കാണാന് കഴിയുന്നു. ബലപ്രയോഗമില്ലെങ്കില് പിന്നെ സംഘട്ടനത്തിന്റെയോ ഹിംസയുടെയോ പ്രശ്‌നം ഉത്ഭവിക്കുന്നില്ല. പ്രവാചകന് തിരുമേനി ഹജ്ജത്തുല് വിദാഇല് ചെയ്ത മനുഷ്യാവകാശ പ്രഖ്യാപനം ഇതോടൊന്നിച്ച് ചേര്ത്തു വായിച്ചാല്, മനുഷ്യ ജീവന് ഇസ്‌ലാമിനോളം പരിപാവനത കല്പിച്ച മറ്റൊരു ജീവിതദര്ശനവും ലോകത്ത് ഉണ്ടായിട്ടില്ല എന്ന് സമ്മതിക്കേണ്ടിവരും.
പിന്നെയെന്തുകൊണ്ട് പ്രവാചകന് യുദ്ധം ചെയ്യേണ്ടിവന്നു?
ശത്രുക്കളുടെ പീഡനവും പരിഹാസവും ഏറ്റുവാങ്ങി ഇസ്‌ലാമിക പ്രബോധനം നടത്തിക്കൊണ്ടിരുന്ന ഒരു പ്രബോധകന് മാത്രമായിരുന്നു മക്കാ കാലഘട്ടത്തിലെ പ്രവാചകന് തിരുമേനി. മര്ദനങ്ങള് നാള്ക്കുനാള് വര്ധിച്ചപ്പോഴും അദ്ദേഹം തിരിച്ചടിക്കാന് തുനിഞ്ഞില്ല. അക്രമം കൊണ്ട് പൊറുതി മുട്ടിയ അനുയായികള് ആവലാതി പറഞ്ഞപ്പോള് “ക്ഷമയവലംബിക്കുകയും വിശ്വാസം ദൃഢീകരിക്കുകയും ചെയ്യുക” എന്നായിരുന്നു അവിടുന്നു നല്കിയ ഉപദേശം.
‘ഹിജ്‌റ’ക്കുശേഷം മുസ്‌ലിംകള് മര്ദിതരും ഖുറൈശികള് മര്ദകരുമാണെന്ന അവസ്ഥക്ക് കാര്യമായ മാറ്റം വന്നു. മദീന ഒരു ഇസ്‌ലാമിക രാഷ്ട്രമായും മുസ്‌ലിംകള് ഒരു സംഘടിതശക്തിയായും വളര്ന്നുവന്നു.
സ്ഥാപിതതാല്പര്യക്കാരും അഹങ്കാരികളുമായ മക്കയിലെ ഖുറൈശികള്ക്ക് മദീനയില് ഒരു പുതിയ ശക്തി ഉദിച്ചുയരുന്നത് കണ്ടുനില്ക്കാന് കഴിയുമായിരുന്നില്ല. മദീനയിലെ ജൂതന്മാരുമായി ഉപജാപങ്ങള് നടത്തിയും രഹസ്യധാരണകളിലേര്പ്പെട്ടും അവര് ഇസ്‌ലാമിക രാഷ്ട്രത്തെ അട്ടിമറിക്കാന് കൊണ്ട്പിടിച്ച് ശ്രമിച്ചു. തങ്ങളുടെ നിലനില്പിനെ അപകടപ്പെടുത്തുന്ന നീക്കങ്ങള് ആരുടെ ഭാഗത്തുനിന്നായാലും മുസ്‌ലിംകള്ക്കത് ചെറുക്കേണ്ടതുണ്ടായിരുന്നു. ഇവിടെയാണ് സംഘട്ടനം അനിവാര്യതയായി ഭവിക്കുന്നത്.
നെപ്പോളിയനും അലക്‌സാണ്ടറും ഹിറ്റ്‌ലറും ചെയ്തപോലെ ഭൂമിയും അധികാരവും പിടിച്ചടക്കാനല്ല ഇവിടെ സമരം നടക്കുന്നത്. മറിച്ച്, മുസ്‌ലിം സമൂഹത്തെയും ഇസ്‌ലാമിക ആദര്ശത്തെയും സംരക്ഷിക്കാനും ശത്രുവിന്റെ സൈനിക ബലം തകര്ക്കാനുമാണ്. സത്യത്തിന്റെ ശക്തിയും പൈശാചിക മനോഭാവം വെച്ചുപുലര്ത്തുന്ന സകലമാന ശക്തികളും തമ്മിലാണ് അവിടെ സംഘട്ടനം നടക്കുന്നത്.
നീക്കു പോക്കുകളിലൂടെ സംഘട്ടനം ഒത്തുതീര്പ്പിലെത്തുക സാധ്യമല്ല. മര്ദനത്തിന്റെയും ചൂഷണത്തിന്റെയും ശക്തികളെ ഉന്മൂലനം ചെയ്യുക എന്ന മഹത്തായ ധര്മമാണ് ഈ സംഘട്ടനത്തിലൂടെ ഇസ്‌ലാമിക ശക്തി നിറവേറ്റുന്നത്. ആ പൈശാചിക ശക്തികളെ വളരാനനുവദിച്ചാല് സമൂഹത്തില് നിലനില്ക്കുന്ന ധാര്മിക സദാചാര മൂല്യങ്ങളെയും ദൈവബോധത്തെയും അത് നശിപ്പിച്ചുകളയുമെന്നത് തീര്ച്ചയാണ്. അതിനാലാണ് ഇസ്‌ലാമിക ശക്തിയുടെ ഈ മുന്നേറ്റം ‘വിശുദ്ധസമര'(ജിഹാദ്)മായി മാറുന്നത്.
ദൗര്ഭാഗ്യവശാല് ജിഹാദെന്ന് കേള്ക്കുമ്പോള് രൗദ്രഭാവവും ഭീകര രൂപവുമുള്ള എന്തോ ഒന്നാണ് നമ്മുടെ ചരിത്രകാരന്മാരുടെ മനസ്സില് ഓടിയെത്തുന്നത്.
തുടരും..
Comments
Post a Comment