യുദ്ധം സമാധാനത്തിനു വേണ്ടി ?
മുഹമ്മദ് നബിയെ ഒരു പടനായകനെന്ന നിലക്ക് പരിചയപ്പെടുത്തുമ്പോള്‍, യുദ്ധത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും അദ്ദേഹം വിശ്വസിക്കുകയും പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്ത ഇസ്‌ലാമിക തത്വസംഹിതകള്‍ എന്ത് പറയുന്നു എന്ന പരിശോധന ഉചിതമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന സങ്കല്‍പം സമാധാനത്തെക്കുറിച്ചുള്ളതാണ്. യുദ്ധം ഒരു അനിവാര്യതയായി വന്നു ചേരുകയാണ്. അപ്പോള്‍ യുദ്ധനിയമങ്ങള്‍ പ്രതിപാദിക്കേണ്ടി വരുന്നു. സത്യത്തിലേക്ക് തുറക്കുന്ന ഋജുവായ പാത ജനസമക്ഷം സമര്‍പ്പിക്കുകയാണ് ഇസ്‌ലാമിക ദൗത്യത്തിന്റെ കാതല്‍. മനുഷ്യന്റെ സര്‍ഗപരവും നൈസര്‍ഗികവും ധൈഷണികവുമായ കഴിവുകള്‍ പൂര്‍ണവികാസം കൈവരിക്കുകയും അവന്റെ ആത്മീയവും ധാര്‍മികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ ആ ദൗത്യനിര്‍വഹണം സാധ്യമാവുകയുള്ളൂ. അതിന് സമാധാനം നിലനിന്നേ മതിയാവൂ. ഇസ്‌ലാം എന്ന അറബി ശബ്ദത്തിന് സമാധാനം എന്ന അര്‍ഥമുണ്ട്. മനുഷ്യ മനസ്സിലും അവന്‍ ജീവിക്കുന്ന സമൂഹത്തിലും സമാധാനവും സ്വസ്ഥതയുമുണ്ടാവണമെങ്കില്‍ ദൈവം നിര്‍ദേശിക്കുന്ന വഴി പിന്തുടരണമെന്നാണ് ഇസ്‌ലാം പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനം നിര്‍ബന്ധബ...