ന്യൂനപക്ഷ വകുപ്പും ചില ദുർവാദങ്ങളും

 ന്യൂനപക്ഷ വകുപ്പും

ചില ദുർവാദങ്ങളും

---------------------------
കേരളത്തിൽ സർക്കാർ തൊഴിൽ മേഖലയിലും വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയ മേഖലയിലും ജനസംഖ്യാനുപാതികമായി നോക്കിയാൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മത സമൂഹം ക്രൈസ്തവരാണെന്ന് കാണാനാകും. കേരളത്തിൻ്റെ മൊത്തം ജനസംഖ്യയുടെ 18% മാണ് ക്രൈസ്തവർ. മുസ്ലിങ്ങൾ 24% വരും. കേരളത്തിലെ മൊത്തം എയ്ഡഡ് കോളേജുകളിൽ 60% ത്തോളം എയ്ഡഡ് കോളേജുകളും 18% മാത്രം ജനസംഖ്യയുള്ള വിവിധ ക്രൈസ്തവ സഭകൾക്ക് കീഴിലാണ്. എയ്ഡഡ് സ്കൂളുകൾ എടുത്താലും സമാനമാണ് കാര്യങ്ങൾ. 82% ത്തോളം വരുന്ന ക്രൈസ്തവേതര മത സമുദായ വിഭാഗങ്ങൾക്ക് 40% സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളേ നടത്തുന്നുള്ളൂ എന്നർത്ഥം. അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥിതി ഇതിലും എത്രയോ അധികമാണ്. പൊതുഖജനാവിന് നഷ്ടമില്ലാത്തത് കൊണ്ടുതന്നെ അതിവിടെ ചർച്ചയാക്കേണ്ടതില്ല. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത് മുഴുവൻ ജനങ്ങളുടെയും നികുതിപ്പണത്തിൽ നിന്നാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
ക്രൈസ്തവ മാനേജ്മെൻ്റുകൾക്ക് കീഴിലെ എയ്ഡഡ് കോളേജുകളിലും സ്കൂളുകളിലും ക്രൈസ്തവരല്ലാത്ത എത്ര അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ ജോലി ചെയ്യുന്നുണ്ട് എന്ന് നോക്കിയാൽ വിവിധ സഭകളുടെ വിശാലമായ അതിസങ്കുചിതത്വം ആർക്കും പെട്ടന്ന് ബോദ്ധ്യപ്പെടും. ഇത് പൊക്കിപ്പിടിച്ച് നാട്ടിൽ ഒരു വർഗീയ ധ്രുവീകരണത്തിന് സഹോദര സമുദായങ്ങളൊന്നും ഇതുവരെയും മുതിർന്നിട്ടില്ല.
ഇപ്പോഴിത് ഓർമ്മപ്പെടുത്തിയത് മുസ്ലിം ന്യൂനപക്ഷം അനർഹമായത് നേടുന്നുവെന്ന് ചില കൃസ്ത്യൻ സംഘടനകൾ പരാതിപ്പെട്ടതിൻ്റെ വെളിച്ചത്തിലാണ്.
കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം മുഴുവനായും പിന്നോക്കക്കാരും സംവരണത്തിന് അർഹരുമാണ്. എന്നാൽ ക്രൈസ്തവ സമുദായത്തിലെ 80% ത്തിലധികവും മുന്നോക്ക വിഭാഗക്കാരായാണ് ഗണിക്കപ്പെടുന്നത്. പിന്നോക്ക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ അതുകൊണ്ടുതന്നെ ക്രൈസ്തവ സമുദായത്തിലെ കേവലം 20% ത്തിനേ അർഹതപ്പെട്ടതായിട്ടുള്ളൂ. മുഴുവൻ മുസ്ലിങ്ങളും അതിന് അർഹരാണ് താനും. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 10% സംവരണമുൾപ്പടെയുള്ള ആനുകൂല്യങ്ങൾക്ക് ഹൈന്ദവ സമുദായത്തിലെ മുന്നോക്ക ജാതിക്കാർ മാത്രമല്ല കേരളത്തിലെ ക്രൈസ്തവ സമുദായത്തിലെ മുന്നോക്കക്കാരായ 80% ത്തോളം ക്രൈസ്തവരായ അർഹരായവരും ഉൾപ്പെടും. എന്നാൽ കേരളത്തിലെ ഒരൊറ്റ മുസ്ലിമിനും മേൽ ആനുകൂല്യം ലഭിക്കുകയുമില്ല. ഒരേ സമയം മുന്നോക്കക്കാർ എന്ന നിലയിലെ ആനുകൂല്യവും പിന്നോക്കക്കാർക്ക് അവകാശപ്പെട്ട ആനുകൂല്യവും എങ്ങിനെയാണ് ഒരു കൂട്ടർക്ക് തന്നെ അനുഭവിക്കാനാവുക?
കേന്ദ്ര സർക്കാർ നൽകുന്ന ഒരു വിദ്യാഭ്യാസ സ്കോളർഷിപ്പും ന്യൂനപക്ഷ വകുപ്പ് മുഖേനയല്ല നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയാണ് അവയെല്ലാം നടപ്പിലാക്കപ്പെടുന്നത്. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് നേരിട്ടാണ് ഇതിനുള്ള അപേക്ഷ ക്ഷണിക്കുന്നതും അർഹരെ തെരഞ്ഞെടുത്ത് സ്കോളർഷിപ്പുകൾ നൽകുന്നതും. അല്ലാതെ സംസ്ഥാന സർക്കാറിന് ഇതിൽ ഒരു പങ്കുമില്ല. കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ മുഖേന നൽകുന്ന വായ്പ്പകളും സ്വയം തൊഴിൽ പദ്ധതികളും അപേക്ഷകരുടെ യോഗ്യതക്കും അർഹതയ്ക്കും അനുസരിച്ചാണ് നൽകിവരുന്നത്. 80:20 എന്ന അനുപാതം മേൽ ധനസഹായങ്ങൾ നൽകുന്ന കാര്യത്തിൽ പാലിക്കുന്നേ ഇല്ല.
ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിൻ്റെ പിന്നോക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒന്നാം UPA സർക്കാരിൻ്റെ കാലത്ത് നിയമിതമായ സച്ചാർ കമ്മിറ്റി പ്രസ്തുത ഗവ:ൻ്റെ അവസാന കാലത്ത് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി. രണ്ടാം UPA സർക്കാർ അതിൻമേലുള്ള തുടർ നടപടികൾക്ക് തുടക്കമിട്ടു. അതനുസരിച്ചാണ് മുസ്ലിം സാന്ദ്രീകൃത മേഖല എന്ന നിലയിൽ മലപ്പുറത്ത് അലീഗഡ് മുസ്ലിം സർവകലാശാലയുടെ ഓഫ് കാമ്പസ് ആരംഭിച്ചത്. ഇതിനുള്ള സ്ഥലം അന്നത്തെ വി.എസ് സർക്കാരാണ് വാങ്ങി നൽകിയത്. ന്യൂനപക്ഷ വകുപ്പ് എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കുന്നതിന് കേന്ദ്രം നിർദ്ദേശിക്കുന്നതും ഇതേ കാലയളവിലാണ്. അതേ തുടർന്നാണ് കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആദ്യമായി വി.എസ് സർക്കാരിൻ്റെ അവസാന സമയത്ത് നിലവിൽ വന്നത്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെ മറ്റു ശുപാർശകൾ കേരളത്തിൽ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് പഠിക്കാൻ അന്നത്തെ തദ്ദേശ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്കുട്ടി ചെയർമാനായി ഒരെട്ടംഗ സമിതിയെ LDF സർക്കാർ നിയമിച്ചു. ആ സമിതി നൽകിയ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞ് ഒരനാവശ്യ വിവാദത്തിന് തുടക്കമിട്ടത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. പാലൊളി കമ്മിറ്റി മുസ്ലിങ്ങൾക്കു മാത്രമായാണ് പദ്ധതി നിർദ്ദേശിച്ചതെങ്കിലും ചെയർമാൻ എന്ന നിലയിൽ പാലൊളി മുഹമ്മദ്‌ കുട്ടിയുടെ നിർദ്ദേശ പ്രകാരം ഇതര ന്യൂനപക്ഷങ്ങളിലെ അർഹരായവർക്ക് 20% നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ അനുപാതമാണ് ചില സംഘടനകൾ അനാവശ്യ വിവാദത്തിന് ഇപ്പോൾ കാരണമാക്കിയിരിക്കുന്നത്.
മുസ്ലിങ്ങളെപ്പോലെ തന്നെ ക്രൈസ്തവരിലും പിന്നോക്കം നിൽക്കുന്നവരുണ്ടെന്നും അവർക്കും സമാന ആനുകൂല്യങ്ങൾ നൽകണമെന്നുമുള്ള ഏതാനും ക്രൈസ്തവ സംഘടനകളുടെ ആവശ്യപ്രകാരമാണ് ജസ്റ്റീസ് കോശി ചെയർമാനായി ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സർക്കാർ 2021 ൽ നിയമിച്ചത്. പ്രസ്തുത കമ്മീഷൻ പാലൊളി കമ്മിറ്റി ചെയ്തപോലെ ബന്ധപ്പെട്ടവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പഠിച്ച് സർക്കാറിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. അതിൽ നിർദ്ദേശിക്കുന്ന ശുപാർശകളിൽ അനുയോജ്യമായത് കേരള സർക്കാർ നടപ്പിലാക്കുകയും ചെയ്യും. കോശി കമ്മീഷൻ നിർദ്ദേശിക്കുന്ന പദ്ധതികൾ നടപ്പിലാക്കുമ്പോൾ സ്വാഭാവികമായും അതിൻ്റെ ഗുണഭോക്താക്കളിൽ 80% ക്രൈസ്തവരും 20% മറ്റിതര ന്യുനപക്ഷങ്ങളുമാകും. അതും പൊക്കിപ്പിടിച്ച് മറ്റാരെങ്കിലും തെറ്റിദ്ധാരണയും വർഗ്ഗീയ ധ്രുവീകരണവും നടത്താൻ മുതിർന്നാൽ എന്താകും സ്ഥിതി? ഭൂരിപക്ഷ ന്യൂനപക്ഷ ധ്രുവീകരണം പോലെ ന്യൂനപക്ഷങ്ങൾക്കിടയിലും ധ്രുവീകരണം ലക്ഷ്യമിടുന്ന വർഗീയ ശക്തികളാണ് ഇത്തരം പ്രചരണങളുടെ പിന്നിലെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
- അന്വേഷി -

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ