❓ഇസ്ലാമിൽ മനുഷ്യന് ദൈവം നൽകുന്ന സ്ഥാനം എന്ത്?
❓ഇസ്ലാമിൽ മനുഷ്യന് ദൈവം നൽകുന്ന സ്ഥാനം എന്ത്?
അല്ലാഹുവിന്റെ രക്ഷാധികാരം മനുഷ്യന് അംഗീകരിച്ചപ്പോള് പകരമായി മനുഷ്യന് നല്കിയതാണ് ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി എന്ന സ്ഥാനം.
ചുരുക്കത്തില് ദൈവവും മനുഷ്യനും തമ്മില് ഒരു ഉടമ്പടിയുണ്ട്. അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിക്കാനും മനുഷ്യനെ ആദരിക്കാനും വിവിധ ചുമതലകള് നല്കി അവനെ പരീക്ഷണഘട്ടങ്ങളിലൂടെ കടത്തിക്കൊണ്ട് പോകാനും നിമിത്തമാവുന്നത് ഈ ഉടമ്പടിയാണ്.
ദൈവത്തിന്റെ പ്രതിനിധി:
ഖുര്ആന്റെ കാഴ്ചപ്പാടില് മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തായ വശം ‘ഖിലാഫത്താ’ണ്; ദൈവികപ്രാതിനിധ്യം. മനുഷ്യന് ദൈവത്തിന്റെ സൃഷ്ടിയും ദാസനും മാത്രമല്ല, അവന്റെ പ്രതിനിധി കൂടിയാണ്. ഭൂമിയില് സ്രഷ്ടാവായ നാഥന്റെ ഇംഗിതം നിറവേറ്റാന് നിയോഗിക്കപ്പെട്ടവന്. ഭൂമിയെ വാസയോഗ്യമാക്കുകയും നാഗരികത കെട്ടിപ്പടുക്കുകയും ദൈവേഛയ്ക്കനുസൃതമായി മനുഷ്യസമൂഹത്തെ പൂര്ണതയിലേക്ക് നയിക്കുകയുമാണ് ‘ഖിലാഫത്തി’ന്റെ ധര്മം.
ഖുര്ആന്റെ വാക്കുകളില്: “ഭൂമിയില് നാം ഒരു പ്രതിനിധിയെ നിശ്ചയിക്കാന് പോകുന്നുവെന്ന് നിന്റെ നാഥന് മലക്കുകളോട് പറഞ്ഞ സന്ദര്ഭം: അവര് ചോദിച്ചു: ‘കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ അവിടെ നിയോഗിക്കാന് പോകുന്നത്? നിന്റെ പരിശുദ്ധിയെ വാഴ്ത്താനും നിനക്ക് സ്തുതികീര്ത്തനങ്ങള് അര്പ്പിക്കാനും ഞങ്ങളുണ്ടല്ലോ?’ അല്ലാഹു പറഞ്ഞു: (മനുഷ്യനെപ്പറ്റി) നിങ്ങള്ക്കറിയാത്തത് എനിക്കറിയാം” (2:30)
മനുഷ്യനാണ് ഭൂമിയിലെ നായകന്. തെറ്റോ ശരിയോ ആകട്ടെ ഭൂമിയില് അവന്നാണ് അധികാരം. അവന്റെ ഇംഗിതത്തിന് വഴങ്ങാന് മാലാഖമാര്പോലും കല്പിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന് നല്കപ്പെട്ട അധികാരവും സ്വാതന്ത്ര്യവുമാണ് ഖിലാഫത്തില് പ്രകടമാകുന്നത്. ഉല്പാദന-വിതരണപ്രക്രിയയുടെ അധീശത്വത്തിലുപരി, ഭൂമിയുടെ ഭാഗധേയം നിര്ണയിക്കുന്ന അധീശശക്തിയാണവന്. പ്രപഞ്ചവ്യവസ്ഥയുടെ തന്നെ ചാലകശക്തിയായി മനുഷ്യന് മാറുന്നു.
ദൈവത്തിന്റെ ഛായയില്?:
ദൈവം മനുഷ്യനെ അവന്റെ ഛായയില് സൃഷ്ടിച്ചു എന്ന് ബൈബിള് പറയുന്നുണ്ട്. ഖുര്ആന് അങ്ങനെ പറയുന്നില്ല. എന്നല്ല, ‘ദൈവത്തിന്റെ ഛായ’ എന്ന സങ്കല്പം തന്നെ ഖുര്ആനിനന്യമാണ്. ദൈവത്തെപ്പോലെ യാതൊന്നുമില്ല എന്നാണതിന്റെ നിലപാട്.
ഖുര്ആന് മുന്നോട്ടുവയ്ക്കുന്ന ആശയം ഭൂമിയില് ദൈവത്തിന്റെ പ്രതിനിധിയാണ് മനുഷ്യന് എന്നത്രെ. ദൈവത്തിന്റെ പ്രതിനിധി എന്നു പറയുമ്പോള് ആ പ്രാതിനിധ്യത്തിന്റെ സ്വഭാവമെന്ത് എന്ന ചോദ്യം പ്രസക്തമാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമസ്ഥനും അധീശാധിപതിയുമായ ദൈവത്തിന്റെ സത്തയും ഗുണവിശേഷങ്ങളും പരിഗണിക്കുമ്പോള് ഭൂമിയില് മനുഷ്യന് അതെല്ലാം അതേപടി ആര്ജിക്കുകയും കൈകാര്യം ചെയ്യുകയും എന്നര്ഥമാകാവതല്ല.
പ്രതിനിധാനം ചെയ്യപ്പെടുന്നവന്റെ ഇഷ്ടാനിഷ്ടങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുകയാണല്ലോ പ്രാതിനിധ്യത്തിന്റെ യാഥാര്ഥ്യം. ഈയര്ഥത്തിലാണ് മനുഷ്യന് ഭൂമിയില് ദൈവത്തിന്റെ പ്രതിനിധിയാകുന്നത്. ഭൂമിയില് ദൈവഹിതം സാക്ഷാത്കരിക്കുകയാണ് അവന്റെ ഉത്തരവാദിത്വം. സര്വസല്ഗുണസമ്പൂര്ണനാണ് ദൈവം. കാരുണ്യം, സ്‌നേഹം, സത്യം, സൗന്ദര്യം, സമാധാനം തുടങ്ങിയവ അവന്റെ സല്ഗുണങ്ങളില് പെടുന്നു. തന്റെ ഈ മഹിതഗുണങ്ങള് മനുഷ്യന് അവന്റെ ജീവിതത്തിലൂടെ പ്രകാശിപ്പിക്കണമെന്ന് അല്ലാഹു ഇഛിക്കുന്നു.
‘ദൈവത്തിന്റെ സ്വഭാവങ്ങള് നിങ്ങള് ഉള്ക്കൊള്ളുക’ എന്ന് പ്രവാചകന് അരുള്ചെയ്തിരിക്കുന്നു. ദൈവത്തിന്നഭിമുഖമായി അവനെ ലക്ഷ്യമാക്കി മുന്നേറാനാണ് മനുഷ്യന് കല്പിക്കപ്പെട്ടിട്ടുള്ളത്.
ദൈവികഗുണങ്ങള് ആര്ജിച്ചും അവനെ ലക്ഷ്യമാക്കിയും ദൈവേഛ നിറവേറ്റാന് ശ്രമിക്കുന്ന മനുഷ്യന് അവസാനം ദൈവത്തെ കണ്ടുമുട്ടുക തന്നെ ചെയ്യും: “അല്ലയോ മനുഷ്യാ! നീ നിന്റെ നാഥനെ ലക്ഷ്യമാക്കി കഠിനമായി യത്‌നിക്കുന്നു. അങ്ങനെ അവനെ നീ കണ്ടെത്തുക തന്നെ ചെയ്യും” (ഖുര്ആന് 84:6).
ആ മാര്ഗത്തില് ചലിക്കുമ്പോള് ഭൂമിയില് കാരുണ്യവാരിധിയായ ദൈവത്തെ കണ്ടെത്താനാകും എന്നും ഖുര്ആന് ചൂണ്ടിക്കാട്ടുന്നു. നന്മയ്ക്കും പൂര്ണതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണ് മനുഷ്യജന്മം ലക്ഷ്യമാക്കുന്നത്. (courtesy)
Comments
Post a Comment