വിദ്യാഭ്യാസത്തെക്കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?
❓വിദ്യാഭ്യാസത്തെക്കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?
#വായന, എഴുത്ത്, അധ്യാപനം എന്നീ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണീ സൂക്തങ്ങള് - വിജ്ഞാന സമ്പാദനത്തിന്റെ മൂന്ന് മാര്ഗങ്ങള്.
ഖുര്ആന് അറിവുള്ളവരെ പുകഴ്ത്തുകയും അറിവില്ലാത്തവരെ ഇകഴ്ത്തുകയും ചെയ്യുന്നു. “അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാകുമോ? വിചാരശീലമുള്ളവര് മാത്രമേ ആലോചിച്ചറിയുന്നുള്ളൂ” (സുമര് 9)
ബുദ്ധിയുപയോഗിക്കാനും പഠിക്കാനും ചിന്തിക്കാനും ഗവേഷണങ്ങള് നടത്താനും ഖുര്ആന് അടിക്കടി ആഹ്വാനം നടത്തുന്നുണ്ട്. 'അറിവ്' എന്ന പദം അതിന്റെ വിവിധ രൂപങ്ങളില് 780 സൂക്തങ്ങളില് ഖുര്ആനില് വന്നിട്ടുണ്ട്. വിശ്വാസികള്ക്കും വിജ്ഞാനം നല്കപ്പെട്ടവര്ക്കും ഉന്നതപദവികള് അല്ലാഹു വാഗ്ദാനം ചെയ്യുന്നു. വിജ്ഞാനമുള്ളവര്ക്കു മാത്രമേ ദൈവത്തോടു യഥാവിധി ഭക്തിപുലര്ത്താനാവൂ എന്നാണ് ഖുര്ആന്റെ കാഴ്ചപ്പാട്. വിജ്ഞാനത്തിനും വിജ്ഞാനസമ്പാദനത്തിനും ഇസ്ലാം നല്കുന്ന പ്രാധാന്യത്തെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
അറിവ് എന്തിന്?
മനുഷ്യേതര ജീവജാലങ്ങള്ക്ക് ബാഹ്യലോകത്തുനിന്ന് അറിവ് നേടേണ്ടുന്ന ആവശ്യമില്ല. അവയ്ക്ക് ജീവിച്ചു പോകാനാവശ്യമായ അറിവ് അവയുടെ പ്രകൃതിയില് തന്നെ ദൈവം നിക്ഷേപിച്ചിട്ടുണ്ട്. എന്നാല് മനുഷ്യന്റെ അവസ്ഥ ഭിന്നമാണ്. വളരാനും വികസിക്കാനും അവന്ന് അറിവും ശിക്ഷണവും അത്യാവശ്യമാണ്.
മനുഷ്യന് ആര്ജിക്കേണ്ടുന്ന അറിവ് എന്താണെന്നും അതിന്റെ സ്വഭാവവും പ്രകൃതിയും എന്തെന്നും നിര്ണയിക്കേണ്ടത് പ്രധാനമാണ്. അറിവ് ആര്ജിക്കുന്ന പ്രക്രിയക്കാണ് നാം വിദ്യാഭ്യാസം എന്ന് പറയുന്നത്.
അറിവിന്റെ ഉറവിടം:
ഇസ്ലാമിക വീക്ഷണത്തില് അല്ലാഹുവാണ് അറിവിന്റെ ഉറവിടം. ദൈവത്തിന്റെ ഉടമസ്ഥതയിലുള്ള ഈ അറിവ് താന് ഇഛിക്കുന്നവര്ക്ക് താനിഛിക്കുന്ന തോതില് താന് തെരഞ്ഞെടുക്കുന്ന മാധ്യമങ്ങള് മുഖേന ദൈവം മനുഷ്യര്ക്ക് പകര്ന്നു നല്കുന്നു. അതിന് പല രീതികളുണ്ട്. അതില് പ്രഥമഗണനീയരാണ് പ്രവാചകന്മാര്. മാനവ കുലത്തിന് വിദ്യ പകര്ന്നുകൊടുക്കാന് ദൈവം നിശ്ചയിച്ച ഗുരുവര്യന്മാരാണവര്.
ഇതര ജീവജാലങ്ങള്ക്കും അവയുടെ ജീവസന്ധാരണത്തിന്നാവശ്യമായ അറിവ് അല്ലാഹു ബോധനം നല്കുന്നു. മനുഷ്യജീവിതം സുഖകരമാക്കാനാവശ്യമായ വിഭവങ്ങളും ഉപകരണങ്ങളും നിര്മിക്കുന്നതിന് വേണ്ടുന്ന ബുദ്ധിയും ഗവേഷണ പടുത്വവും നല്കി മനുഷ്യരില് ചിലരെ ദൈവമനുഗ്രഹിക്കുകയും ചെയ്യുന്നു.
മതപരം, ലൌകികം:
വിദ്യാഭ്യാസത്തോട് സമഗ്രവും സന്തുലിതവുമായ കാഴ്ചപ്പാടാണ് ഇസ്ലാം പുലര്ത്തുന്നത്. മനുഷ്യാസ്തിത്വത്തിലെ ആത്മീയതയുടെയും ലൌകികതയുടെയും അംശങ്ങളെ അത് സന്തുലിതമായി സമീപിക്കുന്നു. വിദ്യാഭ്യാസത്തെ മതപരമെന്നും ലൌകികമെന്നും വേര്തിരിക്കുന്ന രീതിശാസ്ത്രം അതിന്ന് അജ്ഞാതമാണ്.
മറ്റെല്ലാ കാര്യത്തിലുമെന്നപോലെ വിദ്യാഭ്യാസ സങ്കല്പത്തിലും മനുഷ്യനാണ് ഇസ്ലാമിന്റെ വിഷയം. മനുഷ്യനുമായി ബന്ധപ്പെട്ട സര്വവിഷയങ്ങളും ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥയുടെ ഭാഗമാണ്. എല്ലാ വിജ്ഞാനീയങ്ങളും പരമമായ സത്യത്തെ പ്രകാശിപ്പിക്കുകയും അതിലേക്ക് വഴികാണിക്കുകയും ചെയ്യുന്ന ദൃഷ്ടാന്തങ്ങളാണ്.
മതവിജ്ഞാനീയങ്ങളെന്ന് ഇന്ന് നാം പേരിട്ട് വിളിക്കുന്ന വിഷയങ്ങളും പ്രപഞ്ചശാസ്ത്രവും ഭൌതികശാസ്ത്രവും സാമൂഹ്യശാസ്ത്രവും ഗണിതശാസ്ത്രവും മനഃശാസ്ത്രവും മറ്റും ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥയുടെ തന്നെ ഭാഗമാണ്.
ആശുപത്രിയില് രോഗികളെ കീറിമുറിച്ച് ചികിത്സിക്കുന്ന ഭിഷഗ്വരന് തന്നെ മിമ്പറിലെ 'ഖത്വീബും' മിഹ്റാബിലെ 'ഇമാമു'മാകും. അറിയപ്പെടുന്ന മുസ്ലിം ശാസ്ത്രജ്ഞന്മാരില് പലരും മതവിജ്ഞാനീയങ്ങളില് അവഗാഹം നേടിയവരും മതനേതാക്കളുമായിരുന്നുവെന്നത് ഒരു ചരിത്രസത്യമത്രെ.
പ്രഥമമായ അറിവ്:
മനുഷ്യന് ആര്ജിച്ചിരിക്കേണ്ടുന്ന പ്രഥമമായ അറിവ് ഏതാണ്? താന് തന്നെത്തന്നെ അറിയുക എന്നതാണത്. മനുഷ്യന് മനുഷ്യനെ തിരിച്ചറിയല്. താന് ആരാണ്? എവിടെ നിന്ന് വന്നു? എങ്ങോട്ടു പോകുന്നു? ഈ ഭൂമിയില് തന്റെ ദൌത്യമെന്താണ്? ഈ കാര്യങ്ങള് അറിയാത്തവന് അജ്ഞാനിയാണ്. പക്ഷേ, ഈ ചോദ്യങ്ങള്ക്കുള്ള ഉത്തരം മനുഷ്യന് സ്വയം കണ്ടെത്താന് ആവുകയില്ല. അതുകൊണ്ട് മനുഷ്യനെ സൃഷ്ടിച്ച ദൈവം ഇക്കാര്യങ്ങള് അവനെ പഠിപ്പിക്കാന് പ്രവാചകന്മാരെ നിയോഗിച്ചു. (കടപ്പാട് )
Comments
Post a Comment