❓എങ്ങനെ ഒരാൾക്ക് മുസ്ലിമാകാന്‍ കഴിയും?
എങ്ങനെ ഒരാൾക്ക് മുസ്ലിമാകാന്‍ കഴിയും?
❓വര്ണ്ണ-ദേശ-വംശ പരിഗണനകള്ക്കതീതമായി ദൈവിക നിയമങ്ങള്ക്ക് പൂര്ണ്ണമായും സമര്പ്പിതനായിത്തീര്ന്നവനെയാണ് ‘മുസ്‌ലിം‘ എന്നു വിളിക്കപ്പെടുന്നത്. ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രത്യുത വിശ്വാസത്തിന്റെയും കര്മത്തിന്റെയും അടിസ്ഥാനത്തിലാണ് ഒരാള് മുസ്ലിമാകുന്നത്.
മുസ്‌ലിമാവുക എന്ന പ്രക്രിയ വളരെ എളുപ്പമേറിയതും ലഘുവായ കാര്യവുമാണ്. അതിന് മുന് ഉപാധികളുടെ ആവശ്യമില്ല. ഒറ്റക്കോ മറ്റുള്ളവരുടെ സാന്നിധ്യത്തില് വെച്ചോ ഇസ്‌ലാമിലേക്കുള്ള പരിവര്ത്തനം സാധ്യമാക്കാവുന്നതാണ്. മുസ്‌ലിമാവാന് താല്പര്യം പ്രകടിപ്പിക്കുകയും അതോടൊപ്പം ദൈവം അവതരിപ്പിച്ച യഥാര്ത്ഥ മതം 'ഇസ്‌ലാം' (സമര്പ്പണം) മാത്രമാണ് എന്ന ശക്തവും ദൃഢവുമായ വിശ്വാസം രൂഢമൂലമാവുകയും ചെയ്തു കഴിഞ്ഞാല് ഉടനെ 'ശഹാദത്ത്' എന്ന വിശ്വാസ പ്രഖ്യാപനം നടത്തുക മാത്രം മതി ഒരാള് മുസ്‌ലിമായിത്തീരാന്.
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില് പ്രഥമവും ഏറ്റവും പ്രാധാന്യമര്ഹിക്കുന്നതും ഈ 'ശഹാദത്ത്' ആണ്. ഈ സത്യസാക്ഷ്യം അഥവാ 'ശഹാദത്ത്' വിശ്വാസ ദാര്ഢ്യതയോടെയും ആത്മാര്ത്ഥതയോടെയും പ്രഖ്യാപിക്കുന്നതോടു കൂടി ഒരു വ്യക്തി ഇസ്‌ലാമിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ദൈവതൃപ്തി മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഇങ്ങനെ ഇസ്‌ലാമില് പ്രവേശിക്കുന്നതോടു കൂടി അദ്ദേഹത്തിന്റെ മുന്കടന്ന പാപങ്ങള് പൊറുക്കപ്പെടുന്നു. ശുദ്ധവും നിഷ്കളങ്കവുമായ മനസ്സും ശരീരവുമായി ഒരു പുതു ജീവിതത്തിലേക്ക് അദ്ദേഹം കാലെടുത്തുവെക്കുന്നു.
ദൈവം ഉണ്ടെന്നും ഏകനാണെന്നും മുഹമ്മദ് ദൈവം നിയോഗിച്ച ദൂതനാണെന്നും മനസ്സില് കരുതിയതുകൊണ്ട് മാത്രം ഒരുവന് മുസ്ലിമാകുന്നില്ല. അയാള് തന്റെ വിശ്വാസം വാചാ സാക്ഷ്യപ്പെടുത്തുക കൂടി ചെയ്യേണ്ടതുണ്ട്. ഈ സാക്ഷ്യപ്പെടുത്തല്, താന് ദൈവത്തിന്റെ ദാസനാണെന്നും, മുഹമ്മദ്‌നബിയിലൂടെ ദൈവം നല്കിയിട്ടുള്ള വിധിവിലക്കുകളനുസരിച്ചു ജീവിക്കുന്നവനാണെന്നുമുള്ള ഒരു പ്രതിജ്ഞകൂടിയാകുന്നു.
സത്യസാക്ഷ്യ പ്രഖ്യാപനത്തിന്റെ സാധാരണ രൂപം, “അശ്ഹദു അന്ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദുര്റസൂലുല്ലാ (അല്ലാഹുവല്ലാതെ വേറെ ദൈവമില്ലെന്നു ഞാന് സാക്ഷ്യപ്പെടുത്തുന്നു, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന് സാക്ഷ്യപ്പെടുത്തുന്നു)” എന്നാണ്.
ഈ വാക്യങ്ങള് തികഞ്ഞ അര്ഥബോധത്തോടെയും സ്വയം സമ്മതത്തോടെയും ഉച്ചരിക്കുന്നതോടെ ഒരാള് മുസ്ലിമായിത്തീരുന്നു. അയാള് അതുവരെ ഏതു മതക്കാരനായിരുന്നാലും ശരി. ഈ വചനം ഉച്ചരിക്കാത്തവന് മുസ്ലിം സമുദായത്തില് ജനിച്ചവനായാലും മുസ്ലിമാവുകയില്ല. ഈ വചനത്തെ കലിമതുശ്ശഹാദഃ (സാക്ഷ്യവചനം) എന്നും, കലിമതുത്തൗഹീദ് (ഏകദൈവത്വ വചനം) എന്നും ശഹാദതു കലിമഃ എന്നുമൊക്കെ പറയാറുണ്ട്. സാക്ഷ്യ പ്രഖ്യാപനത്തെ ‘കലിമഃ ചൊല്ലല്’ എന്നും പറഞ്ഞുവരുന്നു.
ഇസ്‌ലാം സ്വീകരണവും പേര് മാറ്റലും:
ഇസ്‌ലാം ആശ്ലേഷിക്കുന്ന ഒരാള് ശിര്ക് (ബഹുദൈവത്വം) കലര്ന്നതും മോശമായ അര്ത്ഥമുള്ളതുമായ പേരുകളല്ലാതെ മാന്യമായ ഒരു പേരും മാറ്റേണ്ടതില്ല. പ്രവാചകനായി എന്നതിന്റെ പേരില് മുഹമ്മദ് എന്ന പൂര്വ്വനാമം നബി മാറ്റിയില്ല. ഉമര്, ബിലാല്, അമ്മാര്, സല്മാന്, സുമയ്യ… തുടങ്ങിയവരുടെയൊന്നും പേര് മാറ്റാന് നബി കല്പ്പിച്ചിട്ടുമില്ല.
പേര് അറബിയില് തന്നെ വേണമെന്ന തെറ്റിധാരണയും വേണ്ട. വിശുദ്ധ ഖുര്ആന് എണ്ണിപ്പറഞ്ഞ ഇബ്രാഹിം, ഇസ്മാഈല്, ഇസ്ഹാഖ്, ഇല്യാസ്, ഇദ്‌രീസ്, അയ്യൂബ്… ഒന്നും അറബിപ്പേരല്ല. നമ്മുടെ നാട്ടിലുമുണ്ട് ഇതിന് ഉദാഹരണങ്ങള്. പൂക്കോയ തങ്ങളും മുത്തുക്കോയ തങ്ങളും മുല്ലബിയും….
ഒരാള് ഇസ്‌ലാം സ്വീകരിക്കുന്നതോടെ അയാള് തന്റെ മാതാപിതാക്കളുമായി ബന്ധം വേര്പ്പെടുത്തണമെന്നോ, കുടുംബത്തില്നിന്ന് ഇറങ്ങിപ്പോരണമെന്നോ ഇസ്‌ലാം ഒരിക്കലും പഠിപ്പിക്കുന്നില്ല. എന്നല്ല, ഇസ്‌ലാം സ്വീകരിച്ചവര്ക്ക് തങ്ങളുടെ കുടുംബത്തോടും മാതാപിതാക്കളോടും കൂടുതല് കടപ്പാടും ഉത്തരവാദിത്തബോധവും ഉണ്ടായിത്തീരുകയാണ് വേണ്ടത്. ഇക്കാര്യം വിശുദ്ധ ഖുര്ആനിലൂടെ അല്ലാഹു തന്നെ പഠിപ്പിച്ചിട്ടുണ്ട്.
ചുരുക്കത്തില് ഒരാള് ഇസ്‌ലാം സ്വീകരിക്കുകയെന്നാല് സമൂഹത്തില് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കലാണെന്ന് വരുത്തിത്തീര്ക്കേണ്ടത് സംഘ് പരിവാര് അജണ്ടയാണ്. അറിഞ്ഞും അറിയാതെയും ഇത്തരം വര്ഗ്ഗീയ ധ്രുവീകരണങ്ങള്ക്ക് നിന്നു കൊടുക്കുന്ന മുസ്‌ലിംകള്ക്കിടയിലെ ശക്തികളെ കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. ഒരാളുടെ ആദര്ശ മാറ്റം തീര്ത്തും വ്യക്തിപരമാണ്. അല്ലാതെ സമുദായങ്ങള് ചേരിതിരിഞ്ഞ് അങ്കം വെട്ടേണ്ടുന്ന സംഗതിയേ അല്ല. (c)
Comments
Post a Comment