❓ഹിന്ദുമതവുമായുള്ള ഇസ്ലാമിന്റെ അടിസ്ഥാന വിയോജിപ്പുകൾ എന്തൊക്കെ?
❓ഹിന്ദുമതവുമായുള്ള ഇസ്ലാമിന്റെ അടിസ്ഥാന വിയോജിപ്പുകൾ എന്തൊക്കെ?
ദൈവത്തെക്കുറിച്ച സങ്കല്പം:
ഏകദൈവവിശ്വാസവുമായി ബന്ധപ്പെട്ട പല വചനങ്ങളും വേദങ്ങളിൽ കാണുന്നുവെങ്കിലും ദൈവത്തെക്കുറിച്ച് വൈവിധ്യങ്ങളായ സങ്കല്പങ്ങൾ ഹിന്ദുമത വിശ്വാസികൾക്കിടയിൽ കാണാം. ദൈവത്തെ പല രൂപങ്ങളിലും അവതാരങ്ങളിലും ആളുകളിലും ദർശിക്കുന്നവരും, മനുഷ്യൻ തന്നെയാണ് ദൈവം എന്ന് വാദിക്കുന്നവരും, ഈ ലോകത്തുള്ളതെല്ലാം ദൈവമാണെന്ന് വാദിക്കുന്നവരും ഹിന്ദുമതത്തിൽ തന്നെയുണ്ട്.
എന്നാൽ കറകളഞ്ഞ ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ സങ്കല്പമാണ് ഇസ്ലാമിൽ ദൈവത്തെക്കുറിച്ചുള്ളത്. സർവ്വലോക രക്ഷിതാവായ ഏകദൈവമല്ലാതെ മറ്റൊരു ശക്തിയും തന്നെ ഇല്ല എന്ന് ഇസ്ലാം യാതൊരു വളച്ചുകെട്ടുമില്ലാതെ പഠിപ്പിക്കുന്നു.
ആരാധനാരീതി:
അദൃശ്യനായ ദൈവത്തോട് പ്രാർത്ഥിക്കുന്നതിനു പകരം പല ബിംബങ്ങളുടെയും പ്രതിഷ്ഠകളുടെയും മുമ്പിൽ പ്രാർത്ഥിക്കുകയും നിവേദ്യങ്ങൾ അർപ്പിക്കുകയും ചെയ്യുന്നത് ഹിന്ദുമതക്കാർക്കിടയിൽ സർവസാധാരണമാണ്. കല്ലിനെയും മരങ്ങളെയും മനുഷ്യരെയും തന്നെ ദൈവമായി സങ്കൽപ്പിക്കുകയും മരിച്ചുപോയ ആളുകൾക്കുവേണ്ടി അമ്പലങ്ങൾ ഉണ്ടാക്കുകയും അവരോടു പ്രാർത്ഥിക്കുകയും ചെയ്യുന്നവരും ഇവരിൽ കുറവല്ല.
സൃഷ്ടാവായ പടച്ച തമ്പുരാനോട് മാത്രമേ പ്രാർത്ഥിക്കുകയും സഹായം തേടുകയും ചെയ്യാൻ പാടുള്ളൂ എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
പ്രവാചകന്മാർ:
ഓരോ പ്രവാചകന്മാരുടെയും കാലശേഷം അവരുടെ അധ്യാപനങ്ങൾ പിൻതലമുറക്കാർ മാറ്റിമറിക്കുമ്പോൾ തുടർന്നും പ്രവാചകൻമാരെ അയക്കുക എന്നുള്ളത് ദൈവത്തിൻറെ ഒരു നടപടിക്രമമാണ്.
ഇത്തരത്തിൽ ഏറ്റവും അവസാനമായി അയക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് നബി(സ). മുൻപുള്ള പ്രവാചകന്മാരുടെ അധ്യാപനങ്ങളൊന്നും തന്നെ മാറ്റപ്പെടാതെ നിലനിൽക്കാത്തതുകൊണ്ടു മുഹമ്മദ് നബിയിൽ വിശ്വസിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയത്രെ. എന്നാൽ ഇത് ഹിന്ദുമതക്കാർ അംഗീകരിക്കുന്നില്ല.
വേദഗ്രന്ഥങ്ങൾ:
ഹിന്ദു ദർശനത്തിൽ നിലവിലുള്ള വേദഗ്രന്ഥങ്ങൾ പൂർണ്ണമായും ദൈവികമാണ് എന്ന് ഹിന്ദുമതാചാര്യന്മാർക്ക് പോലും അവകാശമില്ല.
ദൈവിക വേദ-ഗ്രന്ഥങ്ങളിൽ മനുഷ്യരുടെ കൈകടത്തലുകൾ ഉണ്ടാകുമ്പോഴൊക്കെ ദൈവം വീണ്ടും പ്രവാചകന്മാരെ അയക്കുകയും അവരിലൂടെ വേദഗ്രന്ഥങ്ങൾ ഇറക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഏറ്റവുമവസാനം ഇറക്കപ്പെട്ടതും മനുഷ്യരുടെ കൈകടത്തലുകൾക്ക് അതീതമായി ലോകാവസാനം വരെ നിലനിൽക്കുന്നതുമായ വേദഗ്രന്ഥമാണ് ഖുർആൻ. എന്നാൽ ഇത് ഹിന്ദുമതക്കാർ അംഗീകരിക്കുന്നില്ല.
ജാതി സമ്പ്രദായം:
ഹിന്ദു മതവിശ്വാസികൾക്കിടയിൽ ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള ഉച്ചനീചത്വങ്ങൾ (ജാതീയത) കാണപ്പെടുന്നു.
എന്നാൽ മുഴുവൻ മനുഷ്യരും സ്വതന്ത്രരും പരിശുദ്ധരുമായ അവസ്ഥയിലാണ് ജനിക്കുന്നത് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ജന്മത്തിന്റെ അടിസ്ഥാനത്തിൽ യാതൊരുവിധ ഉച്ചനീചത്വങ്ങളും ഇസ്ലാം അംഗീകരിക്കുന്നില്ല. ഇസ്ലാമിൽ മനുഷ്യരെല്ലാം ഒരു ചീർപ്പിന്റെ പല്ലുകൾ പോലെ സമന്മാരാണ്.
പരലോക വിശ്വാസം:
ഹിന്ദു വേദഗ്രന്ഥങ്ങളിൽ പരലോകത്തെ കുറിച്ചുള്ള ചില വചനങ്ങൾ കാണാമെങ്കിലും പല ഹിന്ദു വിശ്വാസികളും മരണത്തിനു ശേഷമുള്ള ജീവിതത്തിൽ വിശ്വസിക്കുന്നവരല്ല. പുനർജന്മ സങ്കൽപം പോലെ വികലമായ പല രീതികളിലുള്ള സങ്കല്പങ്ങളാണ് ഹിന്ദു മതവിശ്വാസികൾക്കിടയിൽ.
ഇത് ഇസ്ലാം അംഗീകരിക്കുന്നില്ല. മനുഷ്യൻറെ ജീവിതം ഇവിടെ പൂർണമാകുന്നില്ല എന്നും, ആത്യന്തികമായ രക്ഷാ-ശിക്ഷകൾ മരണശേഷം പരലോകത്താണ് എന്നും, ആ (സ്വർഗ്ഗ-നരക) ജീവിതം ശാശ്വതമാണ് എന്നും ഇസ്ലാം പഠിപ്പിക്കുന്നു.
സന്യാസജീവിതം:
ഹിന്ദു ദർശനത്തിൽ ചില ആളുകളെ ഭൗതിക ജീവിതത്തെ പാടെ ത്യജിക്കുകയും തങ്ങളെ ദൈവത്തിൻറെ ദാസന്മാരായി സങ്കൽപ്പിക്കുകയും ചെയ്യുന്നത് കാണാം.
എന്നാൽ ആത്മീയതയും ഭൗതികതയും ഒരുപോലെ സമന്വയിപ്പിച്ച ദർശനമായ ഇസ്ലാം സന്യാസത്തെപ്പോലെയുള്ള തീവ്രതകളെ ഒരിക്കലും അനുവദിക്കുന്നില്ല. മറിച്ച് ദൈവം അനുശാസിച്ച പോലെ മിതത്വമായ ജീവിതത്തിലൂടെ തന്നെ മുഴുവനായും ദൈവത്തിനു സമർപ്പിക്കുകയത്രെ ഇസ്ലാമിന്റെ കൽപ്പന.(c)
Comments
Post a Comment