❓എന്താണ് ഹദീസ്? എന്തിനാണ് ഹദീസ്?

    ❓എന്താണ് ഹദീസ്? എന്തിനാണ് ഹദീസ്? 

✅ഇസ്‌ലാമിന്റെ രണ്ടാം പ്രമാണമാണ് ഹദീസ് അഥവാ സുന്നത്ത്. അല്ലാഹു നബി(സ)ക്ക് വിശുദ്ധ ഖുര്ആന് ഇറക്കിക്കൊടുത്തു. അത് ഭക്തജനങ്ങള്ക്ക് സന്മാര്ഗവും സമൂഹത്തിന് ഭരണഘടനയുമാണ്. അതില് നിയമവും ജീവിത മര്യാദകളും ആപല് സൂചനകളും സന്തോഷവാര്ത്തകളും വിശ്വാസകാര്യങ്ങളും ചരിത്ര കഥകളും എല്ലാമുണ്ട്. അത് മുഴുവന് സത്യവുമാണ്.
ഖുര്ആന് ജനങ്ങള്ക്ക് എത്തിച്ചു കൊടുക്കുന്നതിന് പുറമെ നബി(സ)ക്ക് വേറെയും ദൗത്യം നിര്വഹിക്കാനുണ്ടായിരുന്നു. ഖുര്ആന് വിശദീകരിക്കുകയും അതിലെ നിയമങ്ങള് വിവരിച്ചുകൊടുക്കുകയും ചെയ്യുകയാണ് അതില് പ്രധാനം.
മുസ്‌ലിംകള്ക്ക് അല്ലാഹുവിന്റെ ഗ്രന്ഥം മാത്രമല്ല നബി(സ)യുടെ വിശദീകരണവും വിശ്വാസികള് അറിയേണ്ടത് അനിവാര്യമാണ്. ഖുര്ആന് യഥാവിധി മനസ്സിലാക്കാന് നബിയുടെ സുന്നത്ത് അനിവാര്യ ഘടകമാണ്. കാരണം, ഖുര്ആന് അവതരിച്ചു കിട്ടിയത് നബി(സ)ക്കാണ്.
അതിനാല് പൗരാണികരും ആധുനികരുമായ മുസ്‌ലിംകള് തിരുസുന്നത്ത് ഇസ്‌ലാമിക നിയമത്തിന്റെ സ്രോതസ്സാണ് എന്ന കാര്യത്തില് ഏകാഭിപ്രായക്കാരാണ്. ഹറാമും ഹലാലും വേര്തിരിച്ചറിയാന് സുന്നത്ത് അവലംബിക്കുകയല്ലാതെ നിവൃത്തിയില്ല.
സുന്നത്ത് നിയമത്തിന്റെ രണ്ടാം സ്രോതസ്സാണ്. സുന്നത്ത് ഖുര്ആന്റെ വ്യാഖ്യാനവും വിശദീകരണവുമാണ്. അല്ലാഹു പറയുന്നു: “നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങള്ക്കായി അവതരിക്കപ്പെട്ടത് നീ അവര്ക്ക് വിവരിച്ചു കൊടുക്കാന് വേണ്ടി. അങ്ങനെ അവര് ചിന്തിച്ചു മനസ്സിലാക്കട്ടെ” (അന്നഹ്ല്:44)
“അവര് ഏതൊരു കാര്യത്തില് ഭിന്നിച്ചിരിക്കുന്നുവോ, അതവര്ക്ക് വ്യക്തമാക്കിക്കൊടുക്കാന് വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്ക്ക് മാര്ഗദര്ശനവും കാരുണ്യവുമായി മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്” (അന്നഹ്ല്:64)
മിക്കവാറും സൂക്തങ്ങള് പൊതുവായ പരാമര്ശങ്ങള് മാത്രമുള്ളതായിരിക്കും. അതിന് വിശദീകരണം ആവശ്യമായി വരും. നബി(സ) ആ ദൗത്യം നിര്വഹിക്കുന്നു.
ഉദാഹരണമായി, ഖുര്ആനില് നമസ്‌കരിക്കാന് കല്പന വന്നു. എന്നാല് നമസ്‌കാരത്തിലെ റക്അത്തുകളുടെ എണ്ണം, നമസ്‌കാരത്തിന്റെ രൂപം, സമയം എന്നിവയൊന്നും ഖുര്ആനില് കൃത്യമായി വിവരിച്ചിട്ടില്ല. സുന്നത്തിലാണ് അതിന്റെ വിശദീകരണം കാണുക.
സകാത്ത് കൊടുക്കാന് ഖുര്ആന് കല്പിച്ചു. എന്നാല് സകാത്ത് നിര്ബന്ധമാകുന്നത് എപ്പോള്, നിബന്ധനകള്, വിതരണരീതി എന്ത് തുടങ്ങിയവയൊന്നും വിശദീകരിച്ചില്ല. അതെല്ലാം വിശദീകരിക്കുന്നത് സുന്നത്താണ്.
ചില സംഭവങ്ങളെക്കുറിച്ച് ഖുര്ആനില് പരാമര്ശങ്ങള് വരില്ല. നബി(സ)യായിരിക്കും അതിനെക്കുറിച്ച് വിധിപറയുക. സുന്നത്ത് ഖുര്ആന്റെ വിശദീകരണം എന്ന നിലക്ക് രണ്ടാം സ്ഥാനത്താണ് നില്ക്കുക.
അബൂദാവൂദും തിര്മിദിയും റിപ്പോര്ട്ട് ചെയ്ത ഹദീസില് ഇപ്രകാരം കാണാം: മുആദി(റ)നെ യമനിലെ ഗവര്ണറായി നിയോഗിച്ചപ്പോള് തിരുമേനി ചോദിച്ചു: ‘താങ്കളുടെ മുമ്പില് ഒരു പ്രശ്‌നം വന്നാല് താങ്കള് എങ്ങനെ വിധികല്പിക്കും?’ മുആദ് പറഞ്ഞു: ‘അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധിക്കും.’ തിരുമേനി ചോദിച്ചു: ‘ഖുര്ആനില് കണ്ടില്ലെങ്കിലോ?’ അദ്ദേഹം പറഞ്ഞു: ‘നബിയുടെ ചര്യയനുസരിച്ച് വിധിക്കും.’ നബി(സ) ചോദിച്ചു: ‘അതിലും കണ്ടില്ലെങ്കിലോ?’ അദ്ദേഹം പറഞ്ഞു: ‘ഞാന് എന്റെ അഭിപ്രായമനുസരിച്ച് ഇജ്തിഹാദ് ചെയ്യും’
ഖാദീ ശുറൈഹിന് ഉമര്(റ) ഇപ്രകാരം എഴുതി: “താങ്കള്ക്കു മുമ്പില് ഒരു പ്രശ്‌നം വന്നാല് താങ്കള് അത് അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധിക്കുക. ഖുര്ആനില് പരാമര്ശിക്കാത്ത പ്രശ്‌നമാണ് വന്നതെങ്കില് നബിയുടെ ചര്യയനുസരിച്ച് വിധി കല്പിക്കുക”
അബൂബക്‌റും ഉമറുമെല്ലാം തങ്ങള്ക്ക് മുമ്പില് ഒരു പ്രശ്‌നം വന്നാല് ഖുര്ആന് അനുസരിച്ച് വിധിക്കും. ഖുര്ആനില് അതിനെക്കുറിച്ച് പരാമര്ശമില്ലെങ്കില് പ്രവാചകന്റെ ചര്യ പരിശോധിക്കും. സ്വഹാബികളുടെയും താബിഉകളുടെയും ഇമാമുകളുടെയും മുജ്തഹിദുകളുടെയും ജീവിതത്തില് ഇപ്രകാരമുള്ള മാതൃകകള് കാണാവുന്നതാണ്.(c)

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ