എങ്ങനെയാണ് ഇസ്ലാമിലെ വിവാഹമോചനം? ത്വലാഖ് സ്ത്രീകളെ പീഡിപ്പിക്കുന്നുണ്ടോ? എന്താണ് മുത്വലാഖ്‌ ❓

  എങ്ങനെയാണ് ഇസ്ലാമിലെ വിവാഹമോചനം?  ത്വലാഖ് സ്ത്രീകളെ പീഡിപ്പിക്കുന്നുണ്ടോ? എന്താണ്  മുത്വലാഖ്‌ ❓


✅വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വിഷയങ്ങളില് ഒന്നാണ് ഇസ്ലാമിലെ ത്വലാഖ് അഥവാ വിവാഹമോചനം. ഇഷ്ടാനുസരണം വിവാഹം കഴിക്കാനും തോന്നിയതുപോലെ മൊഴി ചൊല്ലാനും അനുവാദം നല്കുക വഴി സ്ത്രീകളെ പീഢിപ്പിക്കുന്ന മതമാണ് ഇസ്ലാമെന്ന ധാരണയാണ് പല൪ക്കുമുള്ളത്.
എന്നാൽ ഇസ്ലാമിലെ ത്വലാഖിനേക്കാൾ ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ ഒരു സമീപനവും വിവാഹ മോചനത്തിന്റെ കാര്യത്തിൽ മറ്റൊരു ദർശനവും പരിചയപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം.
ഖുർആൻ വിശദമായി പ്രതിപാദിച്ച വിഷയങ്ങളാണ് വിവാഹവും ദാമ്പത്യ ജീവിതവും വിവാഹ മോചനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ.
വിവാഹ മോചനമാണല്ലോ ഇവിടെ വിഷയം. ആദ്യം നല്ല രീതിയിൽ ഉപദേശിക്കുക, പിന്നീട് ശയ്യ ബഹിഷ്കരിക്കുക, എന്നിട്ടും ശരിയായില്ലെങ്കിൽ എളിയ രീതിയിൽ ശിക്ഷിക്കുക (അഭിമാനത്തിന് കോട്ടം തട്ടാതെ). ഈ മൂന്നു കാര്യങ്ങളും ചെയ്തതിനു ശേഷവും ശരിയായില്ലെങ്കിലും, ദമ്പതികൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ വർദ്ധിച്ച്‌ വേർപിരിയലിന്റെ വക്കിലെത്തുന്നതിന്റെ മുമ്പായി ഇരു പക്ഷത്തു നിന്നുള്ള ഉത്തരവാദിത്തപ്പെട്ടവർ ഒരുമിച്ചിരുന്നു രമ്യതക്ക്‌ ശ്രമിക്കണമെന്നതാണു അടുത്ത ഘട്ടം.
അത്‌ പരാജയപ്പെട്ട്‌ ബന്ധം നിലനിർത്തേണ്ടതില്ല എന്നു ഭർത്താവ്‌ തീരുമാനമെടുത്തു കഴിഞ്ഞാൽ ഒരു ത്വലാഖ്‌ ചൊല്ലാവുന്നതാണു. ഒന്നാമത്തെ ഈ ത്വലാഖ്‌ ചൊല്ലിയാലുടൻ വിവാഹ മോചനമാവുന്നില്ല.
ഈ ത്വലാഖിനു ശേഷവും ഭർത്താവ്‌ ഭാര്യയെ സ്വന്തം സംരക്ഷണത്തിൽ സ്വന്തം വീട്ടിൽ തന്നെ താമസിപ്പിച്ച്‌ മൂന്നു മാസമുറ കഴിയുന്നത് വരെ ഒരുമിച്ച്‌ കഴിയേണ്ടതാണ്. ഈ കാലയളവിനുള്ളിൽ യോജിപ്പിനുള്ള ശ്രമങ്ങൾ നടക്കേണ്ടതാണ്. നിർഭാഗ്യവശാൽ രമ്യതയിലെത്താൽ കഴിയുന്നില്ലെങ്കിൽ പ്രസ്തുത കാലയളവ്‌ കഴിയുന്ന മുറക്ക്‌ മാന്യമായ നഷ്ട പരിഹാരം ജീവനാംശമായി നൽകി പിരിയാവുന്നതാണു. അതോടെ വിവാഹ മോചനമായി.
പക്ഷേ ഒരു തലാഖ്‌ മാത്രമേ നടന്നിട്ടുള്ളൂ എന്നതിനാൽ, ഇരുവർക്കും പിന്നീട്‌ കുറ്റബോധമുണ്ടായി ഒരുമിക്കാൻ തോന്നുകയാണെങ്കിൽ വീണ്ടും വിവാഹിതരാകാവുന്നതാണ്.
അങ്ങനെ പുനസ്ഥാപിക്കപ്പെട്ട ബന്ധത്തിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി വേർപിരിയാൻ തീരുമാനിച്ചാൽ ഒന്നാം ത്വലാഖിനുള്ള എല്ലാ നടപടിക്രമങ്ങളും വീണ്ടും പൂർത്തിയാക്കേണ്ടതാണ്. അങ്ങനെ പിരിഞ്ഞ്‌ വീണ്ടും ഒരുമിക്കാൻ ആഗ്രഹിച്ച്‌ വിവാഹ ബന്ധത്തിലേർപ്പെടുകയും പിന്നെ വേർപ്പിരിയുകയും ചെയ്യേണ്ടി വന്നു മൂന്നാമത്തെ ത്വലാഖു ചൊല്ലിയാൽ പിന്നെ സ്ഥായിയായ വേർപിരിയലാണ്. പിന്നെ വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീയുമായി സാധാരണ ഗതിയിൽ വീണ്ടും ബന്ധം സ്ഥാപിക്കാൻ കഴിയില്ല.
ത്വലാഖിന്റെ ഈ നടപടി ക്രമങ്ങളൊന്നും പാലിക്കാതെ കോപാധിക്യത്തിൽ മൂന്നു ത്വലാഖ്‌ ഒരുമിച്ച്‌ ചൊല്ലിയെന്നു പറഞ്ഞ്‌ ഭാര്യയെ ഒഴിവാക്കുകയും പിന്നീട്‌ ഖേദത്തിലായി പരിഹാരത്തിനു പ്രവാചകന്റെ സമീപത്ത്‌ എത്തുകയും ചെയ്ത സംഭവങ്ങൾ ഹദീസ്‌ ഗ്രന്ഥങ്ങളിലുണ്ട്‌. അപ്പോഴൊക്കെ, മൂന്നു ത്വലാഖ്‌ ഘട്ടങ്ങൾ പൂർത്തിയാക്കാതെ ഒരുമിച്ച്‌ ചൊല്ലിയാലും ഒന്നായി മാത്രമേ ഗണിക്കപ്പെടുകയുള്ളൂ എന്നു പറഞ്ഞു കൊണ്ടു ബന്ധം തുടരണമെന്നാണു പ്രവാചകൻ കൽപിച്ചത്‌.
എന്നാൽ, പ്രവാചകനു ശേഷം ഖലീഫ ഉമറിന്റെ കാലഘട്ടത്തിൽ ഇത്തരത്തിൽ കോപാധിക്യത്താലുള്ള മുത്വലാഖ്‌ വർദ്ധിച്ചു വന്നപ്പോൾ പിന്നീട്‌ കുറ്റബോധമുണ്ടായാലും ബന്ധം തുടരാൻ അനുവാദം നൽകാതെ മുൻകോപികളായ ഭർത്താക്കന്മാരെ പാഠം പഠിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. ഇതിന്റെ ചുവടു പിടിച്ച്‌ മുത്വലാഖ്‌ നിഷിദ്ധമായ രീതിയാണെങ്കിലും അതോടെ വിവാഹ ബന്ധം അസാധുവാകുമെന്ന് ചില പണ്ഡിതന്മാർ വിലയിരുത്തി.
എന്നാൽ കാലങ്ങൾ പിന്നിട്ടപ്പോൾ മുത്വലാഖ്‌ എന്നത്‌ ദൈവ ശിക്ഷക്ക്‌ കാരണമാകുന്ന നിഷിദ്ധതയാണെന്ന സത്യം മുസ്ലിം സമൂഹത്തിൽ വേണ്ടത്ര ഉദ്ബോധനം ചെയ്യപ്പെടാതെ പോവുകയും മുത്വലാഖ്‌ ഒരു വിവാഹ മോചന രീതിയായി മാറുകയും ചെയ്തു.
വിവാഹ മോചനം പഴയ കാലത്തെ അപേക്ഷിച്ച്‌ ഇന്നു വിരളമാണെങ്കിലും അതിൽ ഭൂരിഭാഗവും മുത്വലാഖ്‌ വഴിയാണു നടക്കുന്നത്‌. വിശുദ്ധ ഖുർആൻ വളരെ പ്രാധാന്യപൂർവ്വം നിഷ്കർഷിച്ച വ്യവസ്ഥകളൊക്കെ അവഗണിച്ചു കൊണ്ടാണു ഇന്നും വിവാഹമോചനം നടക്കുന്നത്‌. അവ പാലിച്ചിരുന്നുവെങ്കിൽ ബന്ധങ്ങൾ രമ്യതയിലെത്തി വിവാഹ മോചനത്തിന്റെ എണ്ണം ഇനിയും എത്രയോ കുറയുമായിരുന്നു എന്നു നിസ്സംശയം പറയാം.
അനുവദിക്കപ്പെട്ട കാര്യങ്ങളിൽ ഏറ്റവും വെറുക്കപ്പെട്ടതാണു വിവാഹ മോചനം എന്നാണു നബി വചനം. ഓരോ വിവാഹം മോചനം നടക്കുമ്പോഴും ദൈവിക സിംഹാസനം വിറയ്കപ്പെടും എന്നു പ്രതീകാത്മകമായി നബി ഒരിക്കൽ പറയുകയുണ്ടായി. (courtesy)

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ