സൈനബ്.

  സൈനബ്

ജഹ്ശ്-ഉമൈമ ദമ്പതികളുടെ മകളായിരുന്നു സൈനബ്. പ്രവാചകരുടെ പിതൃസഹോദരീ പുത്രി. ധര്മിഷ്ഠയും സ്‌നേഹ ശീലയുമായിരുന്ന മഹതി അദ്യകാലത്തു തന്നെ ഇസ്‌ലാമാശ്ലേഷിച്ചു. ഖദീജാബീവിയുടെ അടിമയും ശേഷം പ്രാചകരോടൊന്നിച്ച് ജീവിക്കുകയും ചെയ്ത സൈദ് (റ) ആയിരുന്നു ആദ്യ ഭര്ത്താവ്. കുലീനയും പ്രശസ്ത കുടുംബാംഗവുമായിരുന്നു സൈനബ്.
അതുകൊണ്ടുതന്നെ സൈദുമായുള്ള വിവാഹ ബന്ധത്തില് മഹതിക്ക് വലിയ താല്പര്യമുണ്ടായിരുന്നില്ല. ശേഷം, വിശുദ്ധ ഖുര്ആനിലെ ''അല്ലാഹുവും അവന്റെ പ്രവാചകനും ഒരു തീരുമാനം എടുത്തുകഴി ഞ്ഞാല് ഒരു വിശ്വാസിക്കും വിശ്വാസിനിക്കും സ്വന്തം കാര്യത്തില് തീരുമാനമെടുക്കാന് യാതൊരു അധികാരവുമില്ല. അല്ലാഹുവിനോടും റസൂലിനോടും അനുസരണക്കേട് കാണിക്കുന്നവന് വ്യക്തമായ പിഴവില്തന്നെ'' (33:36) എന്ന സൂക്തത്തിന്റെ അടിസ്ഥാനത്തിലാണ് അവര് വിവാഹം സമ്മതിക്കുന്നത്. പക്ഷെ, ഈ വിവാഹം കൂടുതല്കാലം നീണ്ടുപോയില്ല. ഇടക്കിടെ അവര്ക്കിടയില് പലവിധ പ്രശ്‌നങ്ങളും ഉയര്ന്നുവരാന് തുടങ്ങി. സൈദ് (റ) ഓരോന്നും പ്രവാചകനെ അറിയിച്ചു. ഥലാഖിനെക്കുറിച്ച് ചിന്തിക്കാതെ വിവാഹം നിലനിര്ത്തിപ്പോകാനായിരുന്നു പ്രവാചകരുടെ നിര്ദ്ദേശം. പക്ഷെ, സഹികെട്ടപ്പോള് സൈദ് (റ) സൈനബിനെ വിവാഹ മോചനം നടത്തി. അങ്ങനെയാണ് പ്രവാചകന് സൈനബിനെ വിവാഹം കഴിക്കുന്നത്. ഹിജ്‌റ അഞ്ചാം വര്ഷം മദീനയില്വെച്ചായിരുന്നു ഇത്. അന്ന് അവര്ക്ക് 35 വയസ്സായിരുന്നു.
പ്രവാചകര്ക്ക് 58 വയസ്സും. ഇതൊരു അസാധാരണ വിവാഹമായിരുന്നു. ജനങ്ങള്ക്ക് അനവധി പാഠങ്ങള് നല്കലായിരുന്നു ഇതിന്റെ ഉദ്ദേശ്യം. അല്ലാഹുവായിരുന്നു ഈ കല്യാണം നടത്തിയിരുന്നത്. വിശുദ്ധ ഖുര്ആന് പറയുന്നു: ''അല്ലാഹു അവന് (സൈദിന്) അനുഗ്രഹം നല്കി. നീയും അവനെ അനുഗ്രഹിച്ചു. അങ്ങനെയുള്ളവനോട് നിന്റെ ഭാര്യയെ നിനക്കായി വെച്ചുകൊണ്ടിരിക്കുക: അല്ലാഹുവിനെ സൂക്ഷിക്കുക എന്നു നീ പറയുന്ന സന്ദര്ഭം (ഓര്ക്കുക) അല്ലാഹു വെളിപ്പെടുത്തുന്ന സംഗതി നീ നിന്റെ മനസ്സില് മറച്ചുവെക്കുകയും ആളുകളെ നീ ഭയപ്പെടുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ നീ ഭയപ്പെടാന് ഏറ്റവും അവകാശപ്പെട്ടവനത്രെ.
അങ്ങനെ സൈദ് അവളില്നിന്ന് ആവശ്യം നിറവേറ്റിയപ്പോള് അവളെ നിനക്കു നാം കെട്ടിച്ചുതന്നു. വിശ്വാസികള്ക്കു അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില് അവര് അവരില്നിന്ന് ആവശ്യം നിറവേറ്റിയാല് യാതൊരു വിഷമവുമില്ലാതാവന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. അല്ലാഹുവിന്റെ കല്പന നടപ്പില്വരുന്നത് തന്നെയാണ് (36:38). ദത്തുപുത്രന്മാരെ സ്വന്തം മക്കളായി കാണുകയും അവരുടെ ഭാര്യമാരെ വിവാഹം ചെയ്യല് സ്വന്തം മക്കളുടെ ഭാര്യമാരെ വിവാഹം ചെയ്യുന്നപോലെ നിഷിദ്ധമാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്ന ഒരു കാലമായിരുന്നു അത്. വളര്ത്തുപുത്രന്മാരെ വളര്ത്തച്ഛനിലേക്കു ചേര്ത്തിയാണ് അവര് വിളിച്ചിരുന്നത്. ഈയൊരു വിശ്വാസത്തെ തിരുത്തുകയായിരുന്നു അല്ലാഹു ഈ വിവാഹത്തിലൂടെ ചെയ്തിരുന്നത്. സൈദ് മുഹമ്മദ് നബിയുടെ മകനല്ലെന്നും വളര്ത്തുപുത്രന് മാത്രമാണെന്നും വളര്ത്തുപുത്രന്റെ ഭാര്യ പുത്രന്റെ ഭാര്യയെപ്പോലെയല്ലെന്നും വ്യക്തമാക്കപ്പെടുകായിരുന്നു ഇവിടെ.
ദത്തുപുത്രന്മാര് പുത്രന്മാരെപ്പോലെയല്ലെന്നും അവരുടെ ഭാര്യമാരെ വിവാഹം ചെയ്യല് അനുവദനീയമാണെന്നും ഇസ്‌ലാം പഠിപ്പിച്ചു. ദത്തുപുത്രന്മാരെയും സ്വന്തം പിതാവിലേക്കു ചേര്ത്തിയാണ് വിളിക്കേണ്ടത് എന്നാണ് പറയുന്നത്. പ്രവാചകന് തന്റെ കല്യാണങ്ങളില് ഏറ്റവും നല്ല സദ്യയൊരുക്കിയത് സൈനബിന്റെ വിവാഹ വേളയിലായിരുന്നു. അന്ന് ഇറച്ചിയും പത്തിരിയുമാണ് പ്രവാചകന് ഉണ്ടാക്കിയിരുന്നത്. അല്ലാഹുവാണ് ഈ വിവാഹം ചെയ്തുതന്നത് എന്നതിലെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഇത്. ഹിജ്‌റ 20 ല് മദീനയില് വെച്ച് മഹതി ലോകത്തോട് വിടപറഞ്ഞു. ഉമര് (റ) നിസ്‌കാരത്തിന് നേതൃത്വം നല്കി.
പ്രവാചക വിയോഗത്തിനു ശേഷം ആദ്യമായി മരണമടഞ്ഞ ഭാര്യ സൈനബായിരുന്നു. തന്റെ മരണശേഷം തന്നോട് ആദ്യമായി ചേരുക അവരായിരിക്കുമെന്ന് പ്രവാചകന് നേരത്തെ സൂചന നല്കുകയും ചെയ്തിരുന്നു. ദാനശീലത്തിലും ഭയഭക്തിയിലും സമുന്നതയായിരുന്നു സൈനബ് (റ). കൈയില്കിട്ടുന്നതെല്ലാം അല്ലാഹുവിന്റെ മാര്ഗത്തില് ചെലവഴിക്കുമായിരുന്നു. സ്വന്തം കരങ്ങള്കൊണ്ട് തോല് ഊറക്കിട്ടു കിട്ടുന്ന പണം പാവങ്ങള്ക്കിടയില് വിതരണം ചെയ്യാറായിരുന്നു പതിവ്. തീര്ത്തും സ്‌നേഹമസൃണവും സന്തോഷ ഭരിതവുമായിരുന്നു പ്രവാചകരോടൊത്തുള്ള അവരുടെ ദാമ്പത്യജീവിതം.
സൈനബ് ബിന്ത് ജഹ്ശ്(റ)
''നീ സൈദിനെ ഭര്ത്താവായി സ്വീകരിക്കണം'' തിരുനബിയുടെ ആവശ്യം കേട്ട സൈനബിന്റെ മുഖം ചുളിഞ്ഞു. ''അദ്ദേഹം എനിക്ക് ചേരില്ല ദൂതരേ, നിര്ബന്ധിക്കരുത്''. സൈനബിന്റെ മറുപടി തിരുത്തിയത്ഖുര്ആനായിരുന്നു. ''അല്ലാഹുവും അവന്റെ ദൂതരും ഒരു കാര്യത്തില് തീരുമാനമെടുത്തുകഴിഞ്ഞാല് സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നവര് ആരോ, അവന് വ്യക്തമായ നിലയില് വഴിപിഴച്ചുപോയിരിക്കുന്നു'' (അഹ്‌സാബ് 36).
''എങ്കില് ഞാന് സൈദിനെ സ്വീകരിക്കാം റസൂലേ'' സൈനബ് അര്ധമനസ്സോടെ സമ്മതമറിയിച്ചു.
വിവാഹം നടന്നു. സൈനബ് സുന്ദരിയും കുലീനയുമായിരുന്നു. അറബികള് അവരുടെ പെണ്മക്കളെ അടിമകള്ക്ക് വിവാഹം ചെയ്തു കൊടുക്കാറില്ല. സൈദുബ്‌നുഹാരിസ തിരുദൂതരുടെ വളര്ത്തു മകനായിരുന്നെങ്കിലും അടിമത്തത്തില് നിന്ന് മോചനം നേടിയയാളായിരുന്നു. സൈനബിനോട് ഈ വിവാഹത്തിന് നിര്ദേശം നല്കുക വഴി അറബികളുടെ ആ സമ്പ്രദായത്തിന് മാറ്റം വരുത്തുകയായിരുന്നു നബി(സ്വ).
പ്രതീക്ഷിച്ചതു സംഭവിച്ചു. സൈദി(റ)ന്റെയും സൈനബിന്റെയും ദാമ്പത്യം അസ്വാരസ്യങ്ങള് നിറഞ്ഞതായി. സൈദ്(റ) ഇടക്കിടെ പരാതിയുമായി തിരുമുമ്പിലെത്തി. സഹിക്കാനാവാതെ സൈദ്(റ) പറഞ്ഞു: ''കഴിയില്ല നബിയേ''. നിന്റെ ഇണയെ നിന്നോടൊപ്പം പിടിച്ചുനിറുത്തണം. നബി(സ്വ) സൈദി(റ)നോട് പല തവണ പറഞ്ഞു. ഒടുവില് അവര്ക്കു പിരിയാനുള്ള അനുവാദം ആകാശത്തു നിന്നും വഹ്‌യായെത്തി.
സൈദ്(റ) സൈനബിനെ വിവാഹമോചനം നടത്തി. അല്ലാഹുവിന്റെ നിര്ദേശപ്രകാരം അവരെ നബി(സ്വ) വിവാഹം ചെയ്തു. ഈ വിവാഹത്തിലൂടെ മറ്റൊരു ധാരണയെ കൂടി ഇസ്‌ലാം പിഴുതെറിഞ്ഞു.
സൈദ്(റ) ദൂതരുടെ വളര്ത്തു പുത്രനായിരുന്നല്ലോ. വളര്ത്തു പുത്രനെ പുത്രന്റെ സ്ഥാനത്ത് കാണാവതല്ലെന്ന് അല്ലാഹു പഠിപ്പിച്ചു. 'ഏതൊരാളെയും അയാളുടെ യഥാര്ഥ പിതാവിലേക്ക് ചേര്ത്തേ വിളിക്കാവൂ' എന്ന് നിര്ദേശിക്കയും(5:33)ചെയ്തു. മുഹമ്മദ് നബി(സ്വ) സൈദിന്റെ പിതാവല്ലെന്ന് അര്ഥ ശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുകയുമുണ്ടായി. ''മുഹമ്മദ് നിങ്ങളില് ഒരു പുരുഷന്റെയും പിതാവല്ല. അല്ലാഹുവിന്റെ ദൂതരും അന്ത്യപ്രവാചകനുമാണദ്ദേഹം'' (അല് അഹ്‌സാബ്:40).
ദത്തുപുത്രന് വിവാഹമോചനം നടത്തിയ സ്ത്രീയെ മുഹമ്മദ് വിവാഹം ചെയ്തു എന്ന് ആരോപണം ഖുറൈശികളും ജൂതന്മാരും ഉന്നയിച്ചേക്കും. അതിനുള്ള പ്രതിരോധമായിരുന്നു ഈ വിലക്ക്. സൈദുമായുള്ള വിവാഹത്തിലൂടെ സൈനബിന്റെ കുലീനത നഷ്ടപ്പെട്ടിട്ടില്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനും തിരുനബി(സ്വ) സൈനബിനെ വിവാഹം ചെയ്തതിലൂടെ കഴിഞ്ഞു.
നബി(സ്വ) നല്കിയ വിവാഹാനുബന്ധ സദ്യ(വലീമ)കളില് ഏറ്റവും വലുത് സൈനബു(റ)മായുള്ള വിവാഹവേളയില് നല്കിയതായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ക്ഷണം ലഭിച്ചാല് ഭക്ഷണത്തിനു പോകാനും എന്നാല് ആവശ്യത്തിനു മാത്രം സമയം അവിടെ ഇരിക്കാനും നിര്ദേശിക്കുന്ന ഖുര്ആനിക ശാസന ഇതോടനുബന്ധമായാണ് അവതീര്ണമായത്.
പ്രവാചക പത്‌നിമാരില് സൈനബിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. സൈനബിനെ വിവാഹം കഴിക്കണമെന്ന് നിര്ദേശിച്ചത് അല്ലാഹുവാണ്. ഇതര പ്രവാചക പത്‌നിമാരുടെ മുമ്പാകെ, ഇക്കാര്യം അവര് അഭിമാനപൂര്വം പറഞ്ഞിട്ടുമുണ്ട്. ''നിങ്ങളില് നീണ്ട കൈയുള്ളവളാണ് എന്നില് ആദ്യം എത്തിച്ചേരുക'' എന്ന് തിരുനബി(സ്വ) ഒരിക്കല് പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തില് നിന്ന് അവിടുത്തോടൊപ്പം ആദ്യം വന്നുചേരുന്നതാരായിരിക്കുമെന്ന അവിടുത്തെ പത്‌നിമാരുടെ കൂട്ടായ ചോദ്യത്തിനുത്തരമായാണ് അവിടുന്ന് അങ്ങനെ പറഞ്ഞത്. ഇതിലൂടെ രണ്ട് അംഗീകാരമാണ് നബി(സ്വ) സൈനബിന് നല്കിയത്.
ഒന്ന്, സൈനബ് അതീവ ധര്മിഷ്ഠയാണ്. രണ്ട്, നബിക്കുശേഷം ആദ്യം മരിക്കുന്ന ഭാര്യ സൈനബായിരിക്കും. ഇത് രണ്ടിനും ചരിത്രം സാക്ഷിയായി.
തോലുകൊണ്ട് മനോഹര വസ്തുക്കള് നിര്മിച്ച് വില്പന നടത്തിയിരുന്നു സൈനബ്(റ). ഇതിലൂടെ ലഭിക്കുന്ന വരുമാനം പാവങ്ങള്ക്ക് ദാനം ചെയ്തിരുന്നു. ബൈത്തുല്മാലില് നിന്ന് ലഭിച്ചിരുന്ന പണവും ബന്ധുകള്ക്കും അഗതികള്ക്കും നല്കി.
നബി പത്‌നിമാരില് യൗവനത്തിലും സൗന്ദര്യത്തിലും മുന്പന്തിയിലുണ്ടായിരുന്നത് ആഇശയും സൈനബുമായിരുന്നു. ഇത് അവര്ക്കിടയില് സ്ത്രീ സഹജമായ മത്സരമുണ്ടാക്കി. സൈനബിന്റെ വീട്ടില് അധിക നേരം നബി ചെലവിടുന്നുവെന്ന തോന്നല് ആഇശക്കുണ്ടായി. ഇത്തടയാന്, അവര് ഹഫ്‌സ, സൗദ എന്നിവരെ കൂട്ടുപിടിച്ചു. സൈനബിന്റെ വീട്ടില് നിന്ന്തേന് കുടിച്ചെത്തുന്ന നബിയില് നിന്ന് ദുര്ഗന്ധം വമിക്കുന്നുവെന്ന് മൂവരും പരാതിപ്പെടാന്തുടങ്ങി. അതോടെസൈനബിന്റെ തേന് ഇനി മേല് കുടിക്കില്ലെന്ന് നബി ശപഥം ചെയ്തു. എന്നാല് ഈ ശപഥത്തെ ഖുര്ആന് വിലക്കി.
''ഓ, നബീ, ഭാര്യമാരെ തൃപ്തിപ്പെടുത്താന് വേണ്ടി അല്ലാഹു അനുവദിച്ചതിനെ എന്തിന് താങ്കള് നിഷിദ്ധമാക്കുന്നു''(വി.ഖു 66:1).
എന്നാല് ആഇശ(റ) തന്നെ സൈനബിന്റെ സ്വഭാവ മഹിമയെ അംഗീകരിക്കുകയും എടുത്തു പറയുകയും ചെയ്തിട്ടുണ്ട് ''ദൈവഭയം, സത്യസന്ധത, ദാനധര്മം, കുടുംബബന്ധം ചേര്ക്കല്, അര്പ്പണ ബോധം ആദിയായവയില് സൈനബിനെപ്പോലെ മറ്റൊരാളെ എനിക്കറിയില്ല.'' ആഇശ(റ) പറയുന്നു.

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ