പ്രവാചകന്‍മാര്‍ സര്‍വത്ര ❓
പ്രവാചകന്‍മാര്‍ സര്‍വത്ര ❓
വിശുദ്ധ ഖുർആനിലൂടെ ദൈവം അറിയിക്കുന്നു: ‘എല്ലാ സമൂഹങ്ങളിലേക്കും നാം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്.’ (16:36) ഇതനുസരിച്ച് ഇന്ത്യയിലും പ്രവാചകന്മാര് വന്നിട്ടുണ്ടാകുമെന്നുറപ്പാണ്.
ദൈവികം എന്നു വിശ്വസിച്ചു പോരുന്ന ‘വേദങ്ങള്’ എല്ലാ സമൂഹങ്ങളിലുമുള്ളതു പോലെ ഇവിടെയുമുണ്ട്. വേദത്തിന് ‘ശ്രുതി’ എന്നും പേരുണ്ട്. വേദമന്ത്രങ്ങള് മഹര്ഷിമാര് ഈശ്വരനില് നിന്നും ഗ്രഹിച്ചതിനാലാണത്രെ ഈ പേര് വന്നത്. മാത്രമല്ല ‘വേദം ഈശ്വരനില് നിന്നുത്ഭവിച്ച് തപോധനരായ മഹര്ഷിമാര് അത് ദര്ശിക്കുകയും ശ്രവിക്കുകയും ചെയ്തു. അതിനാല് മഹര്ഷിമാരെ ‘മന്ത്ര ദ്രഷ്ടാക്കള്’ എന്നു പറയുന്നു.’ (സാധുശീലന് കെ. പരമേശ്വരന് പിള്ള, ഹിന്ദുധര്മ പരിചയം, പേജ് 164).
പ്രവാചകന്മാരെ ദൈവം നിയോഗിക്കുന്നത് മനുഷ്യന്റെ കര്മജീവിതത്തെ ധാര്മികവല്ക്കരിക്കാനാണ്. അഥവാ മനുഷ്യന്റെ യഥാര്ഥ ധര്മത്തെ പഠിപ്പിക്കാനും അത് സ്ഥാപിക്കാനുമാണ്. ധര്മസംസ്ഥാപനാര്ഥം വരുന്ന ‘അവതാര പുരുഷന്’മാരെ പറ്റി സ്വാമി വിവേകാനന്ദന് പറഞ്ഞതിങ്ങനെ: ‘ഹിന്ദു മതത്തിലെ അവതാരത്തിന് പാശ്ചാത്യമതങ്ങളിലെ പ്രവാചകന്റെയോ മഹാനേതാവിന്റെയോ സ്ഥാനമാണുള്ളത്.’ (സാന്ഫ്രാന്സിസ്‌കോ പ്രസംഗം, 8:4 – 1900)
ചരിത്രത്തില് സിദ്ധാര്ത്ഥ രാജകുമാരനാണ് പിന്നീട് ശ്രീ ബുദ്ധനായി മാറുന്നത്. ബോധമുദിച്ചവന്, ബോധമുണ്ടായവന് എന്നൊക്കെയാണ് ‘ബുദ്ധന്’ എന്ന വാക്കിനര്ഥം. സിദ്ധാര്ത്ഥന് ബോധോദയം ലഭിച്ചത് ഒരു സാല വൃക്ഷ ചുവട്ടില് വച്ചത്രെ. അതിനാല് ആ വൃക്ഷം ‘ബോധി വൃക്ഷം’ എന്നറിയിപ്പെട്ടു. ബുദ്ധന്റെ ശിഷ്യരില് പ്രധാനി അനന്തന് ഒരിക്കല് ബുദ്ധനോട്: ‘താങ്കള് പോയിക്കഴിഞ്ഞാല് ആരാണ് ഞങ്ങളെ പഠിപ്പിക്കുക?’
ബുദ്ധന്റെ മറുപടി: ‘ലോകത്ത് വന്ന ബുദ്ധന്മാരില് ഞാന് ആദ്യത്തെ ബുദ്ധനോ അവസാനത്തെ ബുദ്ധനോ അല്ല. സമയമെത്തിയാല് പരിശുദ്ധനും വിജ്ഞനും ബുദ്ധിമാനുമായി ഒരു ബുദ്ധന് ലോകത്ത് വരും…’ എന്ന് ‘ദിഗാനികായ’ എന്ന ബുദ്ധഗ്രന്ഥത്തിലുണ്ട്.
ഈ പറഞ്ഞതിനര്ഥം, ‘ബുദ്ധന്’ എന്നത് ഒരു വ്യക്തിയുടെ പേരല്ല. മനുഷ്യനെ സന്മാര്ഗത്തില് നയിക്കാന് ബോധോദയം ലഭിച്ച മനുഷ്യരാണ്. ഖുർആന് പറഞ്ഞ പ്രവാചകന്മാരും തഥൈവ.
യേശു ക്രിസ്തു തന്റെ പിതൃനഗരത്തില് വന്ന് പള്ളിയില് ഉണ്ടായിരുന്നവരോട് ഉപദേശിച്ചു: ‘ഒരു പ്രവാചകന് തന്റെ പിതൃനഗരത്തിലും സ്വന്തം ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന് അല്ല.’ (മത്തായി 2:10-11)
‘എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രെ.’ എന്ന് യോഹന്നാല് സുവിശേഷം 7:16 ലും ‘എങ്കിലും എന്നെ അയച്ചവന് സത്യവാന് ആകുന്നു. അവനോടും കേട്ടതു തന്നെ ഞാന് ലോകത്തോടും സംസാരിക്കുന്നു.’ എന്ന് 8:28ലും കാണാം. എന്നിട്ടും ഏതാണ്ട് രണ്ടായിരം വര്ഷങ്ങള്ക്ക് മുമ്പ് നിയോഗിതനായ ഈ മഹാപ്രവാചകനെ ജനം ദൈവപുത്രനാക്കി കളഞ്ഞു. എന്നിരിക്കെ സഹസ്രാബ്ദങ്ങള്ക്കു മുമ്പ് നിയോഗിതരായ മറ്റു പ്രവാചകന്മാരെ ജനം ദൈവാവതാരങ്ങളോ മറ്റോ ആക്കി മാറ്റിയതില് അത്ഭുതപ്പെടാനില്ല. രാമനും കൃഷ്ണനും ബുദ്ധനുമൊക്കെ പ്രവാചകന്മാരാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നര്ത്ഥം.
പ്രവാചകന്മാരെല്ലാം മനുഷ്യന് നല്കിയ മുഖ്യസന്ദേശം എന്തായിരുന്നു എന്ന് ഖുർആനിലൂടെ ദൈവം മുഹമ്മദ് നബിയെ അറിയിക്കുന്നതിങ്ങനെ: ‘ഞാനല്ലാതെ ദൈവമില്ല. അതിനാല് നിങ്ങള് എനിക്ക് വഴിപ്പെടുക. എന്ന സന്ദേശം നല്കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.’ (21:25)
പിന്കുറി:
മുഹമ്മദ് നബിയെ മറ്റു മതവിഭാഗത്തില് പെട്ടവര് അധിക്ഷേപിക്കുന്നത് പോലെ മുഹമ്മദ് നബിയുടെ അനുയായികള് യേശുക്രിസ്തുവിനെയോ, മോസ്സസിനെയോ, രാമനെയോ, കൃഷ്ണനെയോ, ബുദ്ധനെയോ ഒന്നും അധിക്ഷേപിക്കാറില്ല. എന്തുകൊണ്ട്? പ്രവാചകത്വം ഒരു സാര്വലൗകിക യാഥാര്ഥ്യമാണെന്ന് ഖുർആന് പഠിപ്പിക്കുന്നു. ദൈവം ഒന്നാണെന്ന സത്യത്തിലൂടെ മനുഷ്യനെ ഒന്നിപ്പിക്കുന്ന ഇസ്‌ലാം പ്രവാചകത്വത്തിന്റെ സാര്വലൗകികത പഠിപ്പിച്ച് മനുഷ്യരിലെ സാമുദായിക ഭിന്നിപ്പുകളെ അര്ഥശൂന്യമാക്കുന്നു.(courtesy)
Comments
Post a Comment