❓മതവും മനുഷ്യബന്ധങ്ങളും

    ❓മതവും മനുഷ്യബന്ധങ്ങളും


✅ജീവിതത്തിന്റെ വ്യാവഹാരിക മേഖലകളിൽ നിന്ന് മാറിനിന്നു ആരാധനാലയങ്ങളുടെ മൂലകളിൽ ജപമാലകളുമായി കഴിഞ്ഞുകൂടുന്നവർ ഇസ്ലാമിന്റെ വീക്ഷണത്തിൽ പൗണ്ണ്യവാളന്മാരല്ല. ബൗദ്ധികജീവിതത്തിൽ നിന്ന് മുഖം തിരിച്ചു ആത്മസായുജ്യം തേടുന്ന കപട സന്യാസം സത്യമതത്തിനു അന്യമാണ്. ബൗദ്ധികതയെയും ആത്മീയതയെയും സമഞ്ജസമായി സമന്വയിപ്പിക്കുന്ന സവിശേഷമായ ജീവിതരീതിയാണ് ഇസ്ലാം. ആത്മസുഖമെന്നപോലെ പരസുഖവും നിർവൃതിയായി സ്വീകരിക്കുന്നവനാണു യഥാർത്ഥ മുസ്ലിം.
മരമുട്ടിലിരുന്നു കണ്ണടച്ച് ധ്യാനിക്കാനുള്ളതല്ല മതം. വ്യക്തിജീവിതത്തിന്റെ സ്വകാര്യ തലങ്ങളിലും സമൂഹജീവിതത്തിന്റെ വിശാല മേഖലകളിലും സന്മാർഗം സ്ഥാപിക്കാനുള്ളതാണ്. വിവിധങ്ങളായ കർമ്മമണ്ഡലങ്ങളിൽ വിശുദ്ധി പുലർത്തുന്നവരാണ് യഥാർത്ഥ യതിവര്യന്മാർ. കർമ്മഭൂമിയിൽ പാപമുക്തമായ ജീവിതം നയിക്കുന്നവരാണ് സാക്ഷാൽ ഭക്തർ.
മതം മനുഷ്യനെ മടിയനും മുടിയനും മുരടനും ആക്കാനുളതല്ല. നന്മ നിറഞ്ഞ ലോകം നിർമ്മിക്കാൻ നിയുക്തനായ ദൈവദാസന് നിഷ്ക്രിയത്ത്വം സാധ്യമല്ല. മാനവരാശിയുടെ വളർച്ചയുടെയും വികാസത്തിന്റെയും വഴികൾ പിശാചുക്കൾക്കു വിട്ടുകൊടുത്തു സന്യാസത്തിൽ സായൂജ്യം തേടുന്നവർ ദൈവ ദാസരാകുന്നതെങ്ങനെ? സാമൂഹ്യ പ്രതിബദ്ധത ഉത്തേജിപ്പിക്കാത്ത മതവിശ്വാസം അചേതനമത്രെ.
നാട്ടിൽ ആരാധനാലയങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന പ്രാർത്ഥനക്ക് എത്തുന്നവരുടെ എണ്ണവും കൂടുന്നു. എന്നിട്ടും മതത്തെ സംബന്ധിച്ച മതിപ്പ് കുറഞ്ഞുവരികയാണ്. കാരണം വളരെ വ്യക്തം; മതം ഉയർത്തിപ്പിടിക്കുന്ന മാഹിത്യമൂല്യങ്ങൾ വിശ്വാസികളുടെ ജിവിതത്തിൽ വിശുദ്ധിവരുത്തുന്നില്ല. ആചാരാനുഷ്ഠാനങ്ങളിൽ നിഷ്ഠ പുലർത്തുന്നവരുടെ മാനുഷികബന്ധങ്ങളിൽ സ്നേഹ വാത്സല്യ വികാരങ്ങൾ കാണപ്പെടുന്നില്ല. ദയാമായനായ ദൈവത്തിന്റെ പേരിൽ സംസാരിക്കുന്നവരും കൊടിയ ക്രൂരവൃത്തികളിൽ വ്യാപൃതരാവുന്നു. ദൈവവുമായുള്ള ബന്ധം മുറുകിവരുമ്പോൾ മനുഷ്യനുമായുള്ള ബന്ധം അയഞ്ഞുകൊണ്ടിരിക്കുന്നു.
യഥാർത്ഥത്തിൽ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം പോലെ തന്നെ പരമ പ്രധാനമാണ് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധവും. ഈ ബന്ധം എവ്വിധമായിരിക്കണമെന്നു ഇസ്ലാം വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. ഈ പാഠങ്ങളുടെ ലംഘനം മതത്തിന്റെ മാനുഷിക മുഖം നഷ്ടമാകും. മാനുഷികമുഖം നഷ്ടമാകുന്നതോടെ മതം മൃതമായിത്തീരുന്നു. അതാണ് സമൂഹത്തിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്ലാമിക വീക്ഷണത്തിൽ മനുഷ്യരോടുള്ള ബാധ്യതകളുടെ നിർവഹണം സൃഷ്ടാവായ ദൈവത്തോടുള്ള ഉത്തരവാദിത്ത്വ നിർവഹണം പോലെ തന്നെയാണ്. രണ്ടിന്റെയും ലംഘനം കൊടിയ പാപമാണ്.
മനുഷ്യജീവിതത്തെ മറന്നശേഷം മറുലോകത്തു വിചാരണക്ക് വിധേയമാക്കുമ്പോൾ രണ്ടുതരം കുറ്റമാണ് ചുമത്തപ്പെടുകയെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. ഒന്ന് ദൈവവുമായി ബന്ധപ്പെട്ട കുറ്റം; മറ്റൊന്ന് മനുഷ്യനുമായി ബന്ധപ്പെട്ട കുറ്റം.
"കർമ്മ പുസ്തകം ഇടതുകൈയിൽ നല്കപ്പെടുന്നവർ പറയുന്നു: ‘കഷ്ട്ടം എനിക്ക് എന്റെ കർമ്മപുസ്തകം കിട്ടാതിരുന്നെകിൽ; എനിക്ക് എന്റെ കണക്ക്‌ എന്തെന്ന് ഞാൻ അറിയാതിരുന്നെങ്കിൽ; മരണത്തോടെ എല്ലാം കഴിഞ്ഞിരുന്നെങ്കിൽ; എന്റെ ധനം ഇന്ന് യാതൊരു പ്രയോജനവും എനിക്ക് ചെയ്തില്ല; എന്റെ അധികാരങ്ങളൊക്കെയും നശിച്ചുപോയി’.
അപ്പോൾ അല്ലാഹുവിന്റെ ശാസനയുണ്ടാകും: ‘അവനെ പിടിക്കൂ; കഴുത്തിൽ ചങ്ങലയിടൂ; എന്നിട്ട് നരകത്തിലേക്ക് എറിയൂ; പിന്നെ എഴുപതുമുഴം നീളമുള്ള ചങ്ങലയിൽ ബന്ധിക്കൂ. അവൻ മഹോന്നതനായ അല്ലാഹുവിൽ വിശ്വസിച്ചിരുന്നില്ല. അഗതികളുടെ ആഹാരം നല്കാൻ പ്രേരിപ്പിച്ചിരുന്നില്ല. അതിനാൽ എന്നിവിടെ അവനോടനുഭവമുള്ള ഒരു മിത്രവുമില്ല. വൃണങ്ങളുടെ ദുഷ്ടുകളല്ലാതെ അവന് ഒരു ആഹാരവുമില്ല. പാപികൾ മാത്രമേ അത് ഭക്ഷിക്കുകയുള്ളൂ’" (അൽ ഹാഖ 25:37) (courtesy)

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ