ഖുർആൻ വാഹകൻ ചരിത്ര പുരുഷനോ?

ഖുർആൻ ആർക്ക് എവിടെ എപ്പോൾ എങ്ങനെ അവതരിച്ചതാണ് എന്നതൊക്കെ ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ?

അതെ!
മുഹമ്മദ് നബിക്ക് (സ) 40 വയസ്സ് പൂർത്തിയായ ശേഷം
റമളാൻ മാസം മക്കയിലെ ഹിറാ ഗുഹയിൽ വെച്ച് ജിബ്രീൽ എന്ന മാലാഖയാണ് ഖുർആൻ ഓതികേൾപ്പിച്ച് കൊടുത്തത്. പിന്നീട് വ്യത്യസ്ത സന്ദർഭങ്ങളിലായി അവതരണം നടന്നു. 23 വർഷം കൊണ്ട് പൂർത്തിയായി.

ഇത് ചരിത്രപരമായി തെളിയിക്കാമോ എന്നാണ് ചോദ്യം.

അതെ, ആദ്യം നമുക്ക് മുഹമ്മദ് (സ)എന്ന വ്യക്തിത്വത്തെ ഹൃസ്വമായി പരിചയപ്പെടാം

അദ്ദേഹം ഒരു ചരിത്ര പുരുഷനാണ് എന്ന് ആദ്യം സമർത്ഥിക്കണം.

വർത്തമാന ബിന്ദുവിൽ നിന്ന് പതിനാല് നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ചരിത്രത്തിലൂടെ സഞ്ചരിച്ചാൽ മുഴുവൻ സമയതന്തുക്കളിലും ആരോഗ്യത്തോടെ ജീവിക്കുന്ന ചരിത്ര പുരുഷനാണ് മുഹമ്മദ്(സ) എന്ന് നമുക്ക് മനസ്സിലാവും.

അതെങ്ങനെ?

ലോകത്ത് ഇന്ന് ഏറ്റവും കൂടതൽ വിളിക്കപ്പെടുന്ന പേര് മുഹമ്മദ് എന്നാണ്.മുസ് ലിംകളിൽ അധികപേരുടേയും തലക്കൽ ഒരു മുഹമ്മദ് ഉണ്ടാകും. ലോകത്തുള്ള എല്ലാ മുസ്ലിം പള്ളികളിൽ നിന്നും അഞ്ച് നേരം മുഹമ്മദ് എന്ന നാമം ഉയരുന്നു. ഭൂമി ഉരുണ്ടതായതിനാൽ അനുനിമിഷം ആ നാമം ഭൂമിയിൽ ഉയർന്ന് കേൾക്കുന്നു. ഇങ്ങനെ മറ്റാരെങ്കിലും ലോകത്തുണ്ടോ?

ചോദ്യത്തിനല്ല ഉത്തരം പറഞ്ഞത്. ചരിത്ര പുഷനാണ് എന്ന് ഇപ്പോൾ തെളിഞ്ഞോ?

ഈ നാമകീർത്തി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചരിത്രം തെളിയിക്കപ്പെടുന്ന മാനദണ്ഡങ്ങളിലൂടെ വീക്ഷിച്ചാൽ തന്നെ ഈ നാമത്തിന്റെ അദ്വിതീയതയും അതിന്റെ അവകാശിയുടെ സാന്നിധ്യവും കൃത്യമായി മനസ്സിലാകും. കാലത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഈ സത്യസന്ധമായ വാർത്ത ശ്രണിയെ തമസ്ക്കരിക്കുന്ന ഒരാൾക്കും ഒരു ചരിത്രവും വിശ്വസിക്കാനാവില്ല. നെപ്പോളിയനും സോക്രട്ടീസും ജീവിച്ചിരുന്നു ശാസ്തീയമായി തെളിയിക്കാവുന്ന കാര്യമാണോ?
എന്നാൽ തിരുനബിയെ കാണുകയും അനുഭവിക്കുകയും ചെയ്ത ലക്ഷക്കണക്കിനാളുകൾ ആ തിരുസാന്നിധ്യത്തെ ലക്ഷോപലക്ഷം ആളുകളിലൂടെ കൈമാറി വന്നു എന്നതിന് പുറമെയാണ് ഞാൻ പറഞ്ഞ നാമകീർത്തിപ്പെരുമ.

ചരിത്ര ഗ്രന്ഥങ്ങളിലുണ്ടോ എന്നാണ് ചോദിച്ചത്?

അങ്ങേ അറ്റം ബാലിശമായ ചോദ്യമാണിതെന്ന് പറയുന്നതിൽ ഖേദമുണ്ട്.

എന്ത് കൊണ്ടാണിത് ബാലിശമായത്?

ചരിത്ര പഠനത്തിലെ ഏറ്റവും ആധികാരികമായ തെളിവാണ് ഞാൻ പറഞ്ഞത്. പുതിയ ചരിത്ര പുസ്തകം കൊണ്ട് പഴയ ചരിത്രം തെളിയില്ല. അന്നത്തെ ഗ്രന്ഥമാണങ്കിൽ ആദ്യം ആ ഗ്രന്ഥം അന്ന് എഴുതിയതാണന്ന് തെളിയണം. ഒരു ചരിത്ര പുരുഷൻ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിനേക്കാൾ പ്രയാസമാണ് അന്ന് അങ്ങനെ ഒരാൾ ഒരു പുസ്തകം എഴുതി എന്ന് തെളിയൽ. രണ്ടിനുള്ള രേഖ ആദ്യമേ സൂചിപ്പിച്ച അനേകായിരം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട അനിഷേധ്യമായ വാർത്തയാണ്.
പിന്നെ ലോകത്ത് അറേബ്യൻ ചരിത്രമെഴുതിയ ഒരാളും മുഹമ്മദ് നബിയെ മാറ്റി ചരിത്രം എഴുതിയിട്ടില്ല. അവിടുത്തെ ജീവിതം മാത്രമല്ല അവിടുത്തെ സത്യസന്ധതയും നിരക്ഷരതയും മെല്ലാം ഇങ്ങനെ തെളിയിക്കപ്പെട്ട കാര്യങ്ങളാണ്. ചരിത്ര പണ്ഡിതൻമാർക്കിടയിൽ ഐകകണ്ഠ്യേന അംഗീകരിക്കപ്പെട്ട കാര്യങ്ങളാണതെല്ലാം
ഡോ: ഫൈസൽ അഹ്സനി രണ്ടത്താണി
Comments
Post a Comment