സംഘപരിവാർ നടത്തുന്ന വ്യാജപ്രചരണങ്ങൾ

സംഘപരിവാർ നടത്തുന്ന വ്യാജപ്രചരണങ്ങൾ 

'കാക്ക കൊണ്ടുപോവുന്നതിൽ' ആകുലപ്പെടുന്ന, ക്ഷോഭിക്കുന്ന സ്ത്രീയെ ട്രോളുന്നതിന്റെ ആഘോഷത്തിലാണ് നാം. ഇങ്ങനെ പരിഹസിച്ചു ചിരിച്ചു മറിയുന്നതിനിടയിൽ നാം അവഗണിച്ചു കളയുന്ന ഒരു കാര്യമുണ്ട്. മൈക്ക് കെട്ടി വിഷം തുപ്പുന്ന സംഘി നേതാക്കളുടെ വർത്തമാനം പോലെ ലഘുവല്ല ആ സ്ത്രീയുടെ ക്ഷോഭം. ആത്മാർത്ഥമായി അങ്ങനെ വിശ്വസിക്കുന്ന ഒരാളുടെ നാവിൽ നിന്ന് വരുന്ന വാക്കുകളാണത്.
ഇവിടെയാണ് കാലങ്ങളായി സംഘപരിവാർ നടത്തുന്ന വ്യാജപ്രചരണങ്ങൾ എത്ര ആഴത്തിലാണ് സമൂഹത്തിൽ പടർന്നിരിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതും നടുങ്ങേണ്ടതും.
കുഞ്ഞുന്നാൾ മുതൽ
ശാഖാ ക്ലാസ്സുകളിൽ നിരന്തരമായി അടിച്ചേൽപ്പിക്കുന്ന മുസ്ലിം വിരുദ്ധ കഥകൾ പോലെ അല്ല. (ശാഖകളിലെ ഇത്തരം ക്ലാസ്സുകളെ കുറിച്ച് കഥാകൃത്ത് ഉണ്ണി. ആർ വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയത് ഓർക്കുക).
കഴിഞ്ഞ പ്രാവശ്യം കൂട്ടുമുന്നണിയായും ഈ പ്രാവശ്യം മൃഗീയ ഭൂരിപക്ഷത്തോടെയും BJP അധികാരത്തിൽ വരാൻ ഏറ്റവും സഹായകമായത് വാട്സാപ്പും ഫേസ്ബുക്കും അടക്കമുള്ള സോഷ്യൽ മീഡിയയെ കൃത്യമായി ഉപയോഗിച്ചത് കൊണ്ടാണ് എന്നതൊരു രഹസ്യമല്ല. അതിനായി ഫണ്ടും കൃത്യമായി നടപ്പാക്കാനുള്ള ടീമും സംഘപരിവാറിനുണ്ട്. ഹിറ്റ്ലറിൽ മാതൃക കാണുന്നവർ ഗീബൽസിനെ ഗുരുവായി സ്വീകരിച്ചു കൊണ്ട് ടെക്സ്റ്റായും വോയ്‌സായും വീഡിയോകളായും നിരന്തരമായി നുണക്കഥകൾ പ്രചരിപ്പിച്ചു കൊണ്ട് സാധാരണക്കാരായ ഹിന്ദു മത വിശ്വാസികളിൽ ഭയവും
വിദ്വേഷവും വളർത്തി രക്ഷകഭാവം സ്ഥാപിക്കാൻ കഴിഞ്ഞു.
നിരന്തരമായി ഇല്ലാക്കഥകളും വിദ്വേഷ ചർച്ചകളും സംഘിഗ്രൂപ്പുകൾ വഴി വിതരണം ചെയ്ത് കുടുംബ ഗ്രൂപ്പുകളിൽ ചർച്ചയാക്കി അരക്ഷിതത്വവും ഭീതിയും സൃഷ്ടിച്ചതിന്റെ ദുരന്തം നാം ഊഹിക്കുന്നതിലും ആഴത്തിലാണ് സമൂഹത്തിൽ വേരോടിയത്.
ഫേക്ക് id യിലും ഒറിജിനൽ id യിലുമൊക്കെയായി ഫേസ്ബുക്കിലെ മീഡിയാ പേജുകളിൽ ഏതൊരു വാർത്തകൾക്ക് ചുവട്ടിലും വിദ്വേഷ കമന്റുകൾ ഇടുന്നവർ മുതൽ, ഗൾഫ് രാജ്യങ്ങളിൽ ഇരുന്നു പോലും പച്ചയായി മുസ്ലിം വർഗ്ഗീയത പോസ്റ്റു ചെയ്യുന്നവർ വരെ, പെട്ടെന്നൊരു പ്രകോപനത്താൽ സംഭവിക്കുന്നതാണ് അതൊക്കെ എന്ന് കരുതുന്നുവോ?. നിരന്തരമായി അവർ വായിക്കുകയും കേൾക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് ഈ വർഗ്ഗീയവിദ്വേഷ വിഷയങ്ങൾ മാത്രമാവുമ്പോൾ പരിസരബോധമില്ലാതെ തുളുമ്പിപ്പോകുന്നതാണ്.
സത്യമെന്ന മട്ടിൽ അത്രയും തന്മയത്വമായാണ് ഓരോ നുണക്കഥകളും പ്രചരിക്കുന്നത്.
മതവിശ്വാസം ഹനിക്കപ്പെടുന്നു എന്നത് ഒട്ടും ഭക്തരല്ലാത്തവരിൽ പോലും അസ്വസ്ഥത ഉണ്ടാക്കുമെങ്കിൽ, അതിലേറെ ഭീതിയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കാൻ എളുപ്പമുള്ളതാണ് പെൺകുട്ടികളെ വഴി തെറ്റിക്കുന്നു, തട്ടിക്കൊണ്ടു പോകുന്നു എന്ന് തുടങ്ങുന്ന പ്രചാരണങ്ങൾ.
ആത്മാഭിമാനവും ആണത്വവുമൊക്കെ ചോദ്യം ചെയ്യപ്പെടുന്ന ഒന്നായി കത്തിച്ചു നിർത്തി നേട്ടം കൊയ്യാൻ എല്ലാ മതതീവ്രവാദികളും ഏതു നാട്ടിലും ഉപയോഗിക്കുന്ന ആയുധം.
'ലൗ ജിഹാദ്' മുതൽ ഐസിസ് റിക്രൂട്ട്മെന്റ് വരെ എരിവും പുളിയുമുള്ള കഥകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ എമ്പാടും ഉള്ള സാക്ഷരകേരളത്തിൽ വിശേഷിച്ചും ഇത്തരം കഥകൾക്ക് നല്ല സ്വീകാര്യത ലഭിക്കും.
ഇങ്ങനെയുള്ള കഥകൾ നിരന്തരം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ സ്വാഭാവിക പ്രതികരണമാണ് ഇന്നലെ വീഡിയോയിൽ കണ്ടത്. സ്വകാര്യ സംഭാഷണങ്ങളിലും കുടുംബ സദസ്സുകളിലും ഇത്തരം ആശങ്കകൾ പങ്കിടുന്ന എത്രയോ മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട് എന്നത് കൂടി ചിന്തിച്ചാലേ നുണ പ്രചാരണങ്ങളിലൂടെ മനുഷ്യമനസ്സുകളിൽ ഉണ്ടാക്കിയ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും ആഴം മനസ്സിലാവൂ.
എന്നിട്ടും ഇതൊക്കെ തമാശിച്ചും ട്രോളിയും ചിരിക്കുന്ന മനുഷ്യരേ സത്യമായും നിങ്ങൾക്കെന്തോ കുഴപ്പമുണ്ട്. സങ്കടവും സന്തോഷവും ഒരേ മനസ്സോടെ പങ്കിട്ട് കൂടപ്പിറപ്പുകളെ പോലെ കഴിഞ്ഞ മനുഷ്യരെയാണ് പരസ്പരം ശത്രുക്കളാക്കി ചിലർ രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്നത്. ഈ മുറിവുകളുണ്ടാക്കുന്ന ആഘാതം എത്ര ഭീകരമായിരിക്കും എന്ന് ചിന്തിക്കുന്നുണ്ടോ. തലമുറകളെ തകർത്തു കളയുന്ന അണുബോംബുകളെക്കാളും വിനാശകരമാണ് ഈ നുണപ്രചാരണങ്ങൾ വരുത്തി വെക്കാൻ പോകുന്നത്. പരസ്പര വിശ്വാസമില്ലാത്ത മനുഷ്യരായി എങ്ങനെയാണ് ജീവിക്കാനാവുക? എന്തിനാണ് പിന്നെ ജീവിക്കുന്നത്? എത്ര ഭീകരമാണ് ആ അവസ്‌ഥ!
ട്രോളുകൾ നിർത്തി ഇനിയെങ്കിലും വസ്തു നിഷ്ഠമായി കാര്യങ്ങൾ പറഞ്ഞു തുടങ്ങൂ കൂട്ടരേ. എങ്ങനെയാണ് ഇതൊക്കെ വെറും തമാശ പോലെ നമുക്ക് ചിരിക്കാൻ കഴിയുന്നത്. പുരക്ക് തീ പിടിച്ചത് കണ്ടും ചിരിച്ചു തമർക്കുന്ന മനോരോഗികൾ ആവാതെ കെടുത്താൻ നോക്ക് മനുഷ്യരേ. ഇടുങ്ങിയ മനസ്സുള്ളവരുടെ കുരുട്ടു ബുദ്ധിക്ക് വിവേചനമോ ദീർഘവീക്ഷണമോ ഉണ്ടാവില്ല. താത്കാലിക നേട്ടവും ജയവും മാത്രമാണ് അവരുടെ ലക്ഷ്യം. അവരുടെ കയ്യിലാണ് ഇന്ന് നാട്.
വിവേകമുള്ളവരെങ്കിലും ചിരിയും ചിരിപ്പിക്കലും നിർത്തി കാര്യം പറഞ്ഞു മനസ്സിലാക്കാൻ തുടങ്ങൂ. ആ സ്ത്രീയെ ട്രോളി സമാധാനിക്കുന്നതിന് പകരം അങ്ങനെയുള്ള ചിന്തകൾ പ്രചരിപ്പിക്കുന്നവരെ കുറിച്ചാണ് പറയേണ്ടത്. നുണപ്രചാരണങ്ങളാണ് ചർച്ചയാവേണ്ടത്. അല്ലെങ്കിൽ ഈ ചിരിയൊക്കെ നിലവിളി യായി മാറുന്ന കാലം അത്ര വിദൂരമൊന്നുമല്ലെന്നോർക്കുക. അത്രക്ക് അന്യരായി കൊണ്ടിരിക്കുകയാണ് നാം.
(✍നജീബ് മൂടാടി)

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ