❓ ശത്രുക്കളോടുള്ള പെരുമാറ്റത്തിൽ ഇസ്ലാം പഠിപ്പിക്കുന്ന #നീതിയും മാനവികതയും എന്ത്?
❓ ശത്രുക്കളോടുള്ള പെരുമാറ്റത്തിൽ ഇസ്ലാം പഠിപ്പിക്കുന്ന #നീതിയും മാനവികതയും എന്ത്?
ഖുര്ആന് മനുഷ്യജീവന്ന് കല്പിക്കുന്ന വില വിവരണാതീതമാണ്. അകാരണമായി ഒരാളെ വധിക്കുന്നത് മുഴുവന് മനുഷ്യരെയും വധിക്കുന്നതുപോലെയാണെന്ന് അതു പ്രഖ്യാപിക്കുന്നു. ഖുര്ആന് പ്രഖ്യാപിക്കുന്നു: “ആരെയെങ്കിലും കൊന്നതിനു പകരമായോ ഭൂമിയില് കുഴപ്പം സൃഷ്ടിച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല് അവന് മുഴുവന് മനുഷ്യരെയും വധിച്ചതുപോലെയാണ്. ഒരാള് ആര്ക്കെങ്കിലും ജീവിതം നല്കിയാല് അവന് മുഴുവന് മനുഷ്യര്ക്കും ജീവിതം നല്കിയതുപോലെയാണ്” (ഖുര്ആന് 5:32)
“അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള് ഹനിക്കരുത്” (ഖുര്ആന് 17:33)
വളരെയേറെ അനിവാര്യമായ സാഹചര്യത്തിലല്ലാതെ മനുഷ്യജീവന് ഹനിക്കാവതല്ലെന്ന് ഖുര്ആന് പഠിപ്പിക്കുന്നു. ഇസ്ലാമിക രാഷ്ട്രത്തെ അകത്തും പുറത്തുമുള്ള ശത്രുക്കളുടെ ആക്രമണത്തില്നിന്ന് രക്ഷിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്താനും മര്ദിതരുടെ മോചനത്തിനും മൗലിക മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും മാത്രമേ യുദ്ധം പാടുള്ളൂവെന്ന് അത് ഊന്നിപ്പറയുന്നു. അപ്പോഴും മരണം പരമാവധി കുറക്കണമെന്ന് കണിശമായി അനുശാസിക്കുന്നു.
അതുകൊണ്ടു തന്നെ പ്രവാചകന്റെ കാലത്തുനടന്ന 81 യുദ്ധങ്ങളിലായി 259 വിശ്വാസികളും 759 ശത്രുക്കളുമുള്പ്പെടെ 1018 പേര് മാത്രമാണ് വധിക്കപ്പെട്ടത്. അറേബ്യയില് ഇസ്ലാം വരുത്തിയതുപോലുള്ള സമഗ്രവും വ്യാപകവുമായ വിപ്ലവം സൃഷ്ടിക്കാന് അത്രയും പേരുടെ ജീവനഷ്ടമേ വേണ്ടിവന്നുള്ളൂവെന്നത് എന്നും മഹാ വിസ്മയമായാണനുഭവപ്പെടുന്നത്. എക്കാലത്തെയും ചരിത്രകാരന്മാരെ അദ്ഭുതസ്തബ്ധരാക്കുന്ന ഒന്നത്രെ ഇത്.
സര്വോപരി ശത്രുക്കളോടുപോലും അനീതി അരുതെന്ന് അതനുശാസിക്കുന്നു: “ഒരു ജനതയോടുള്ള ശത്രുത നിങ്ങളെ അനീതി ചെയ്യാന് പ്രേരിപ്പിക്കരുത്. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്കു ചേര്ന്നത്. നിങ്ങള് ദൈവഭക്തരാവുക. നിങ്ങള് ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്” (ഖുര്ആന് 5:8)
ഇസ്‌ലാമിലേക്ക് കടന്നുവരാന് ആരെയും പ്രവാചകന് നിര്ബന്ധിച്ചിട്ടില്ല. അത് ഇസ്‌ലാമിന്റെ നയവുമല്ല. പ്രവാചകന്റെ കാലത്ത് ഇസ്‌ലാമിനെ അറിഞ്ഞംഗീകരിച്ച് ത്യപ്തിപ്പെട്ടാണ് അതിലേക്ക് ആളുകള് കടന്നുവന്നത്; ബലാല്ക്കാരമായിട്ടില്ല.
ഖുർആൻ മുന്നോട്ടുവെക്കുന്ന പ്രമേയം യുദ്ധത്തിനുപകരം കരാർ എന്നതാണ്. എല്ലാ യുദ്ധ സാഹചര്യങ്ങളെയും കരാറുകളിലൂടെ നിർവീര്യമാക്കാനാണ് തുടക്കം മുതൽ ഇസ്‌ലാം ശ്രമിച്ചത്.
മദീനയിലെ നേതാവും നായകനുമൊക്കെയായിരുന്നു പ്രവാചകന്. എന്നിട്ടും അവിടെയുള്ള ജൂതന്മാരും മറ്റു വിഭാഗങ്ങളും പൂര്ണമായ മതസ്വാതന്ത്ര്യം ആസ്വദിച്ചിരുന്നു. ഒരോ മതവിഭാഗത്തിനും സ്വാതന്ത്ര്യം നല്കുക മാത്രമല്ല, അവരുടെ മതാചാരങ്ങള് അനുഷ്ഠിക്കാന് പ്രവാചകന് അനുവദിക്കുകയും ചെയ്തിരുന്നു. അന്യമതസ്ഥരുടെ ആരാധനാലയങ്ങള്ക്ക് സംരക്ഷണം നല്കിയിരുന്നു.
അന്യമതക്കാരുടെ നാശം പ്രവാചകന് കൊതിച്ചിരുന്നില്ല. അവര്ക്കെതിരെ ഒരിക്കലും പ്രാര്ഥിച്ചിരുന്നില്ല. അവര്ക്ക് സന്മാര്ഗം ലഭിക്കാനായിരുന്നു എപ്പോഴും പ്രാര്ഥന.
യുദ്ധകാര്യത്തില് ഇതിനേക്കാള് ഉദാരവും നീതിപൂര്വവും മാനുഷികവും വിട്ടുവീഴ്ചാപരവുമായ സമീപനം സ്വീകരിച്ച മറ്റൊരാദര്ശമോ മതമോ ജനതയോ ഇന്നോളം ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. സമകാലീന ലോകത്തും ഇതിനു സമാനത കാണുക സാധ്യമല്ല.
പിന്കുറി:
ആദ്യകാലത്ത് പ്രവാചകന്നും സ്വഹാബികള്ക്കും മക്കയില്നിന്ന് കടുത്ത പീഡനങ്ങളും മര്ദനങ്ങളും നേരിട്ടിരുന്നു. പിന്നീട് ഇസ്‌ലാം വിജയം വരിക്കുകയും മക്ക ജയിച്ചടക്കുകയും ചെയ്തപ്പോള്, പ്രവാചകന് അവരോട് യാതൊരു പ്രതികാരവും ചെയ്തില്ല. കാരുണ്യത്തിന്റെ പ്രവാചകന് പ്രഖ്യാപിച്ചതിങ്ങനെ: “ഇന്ന് നിങ്ങള്ക്കെതിരെ ഒരു പ്രതികാരവുമില്ല. നിങ്ങള് പോകൂ. നിങ്ങള് സ്വതന്ത്രരാണ്”. ലോകചരിത്രത്തില് തുല്യതയില്ലാത്ത സംഭവമായിരുന്നു ആ പൊതുമാപ്പ്. ശക്തരും വിജയികളുമായ പ്രവാചകന്നും അനുയായികള്ക്കും അവരെ ബലാത്കാരമായി ഏതാവശ്യവും അംഗീകരിപ്പിക്കാമായിരുന്നു. എന്നാല് പ്രവാചകന് അതിനു മുതിര്ന്നില്ല. അവരോട് വിനയത്തോടെ പെരുമാറുകയായിരുന്നു.
Comments
Post a Comment