❓പരലോകമോക്ഷത്തിന് മുസ്ലിമാകൽ (ഇസ്ലാം സ്വീകരിക്കൽ) നിർബന്ധമാണോ?

    ❓പരലോകമോക്ഷത്തിന് മുസ്ലിമാകൽ (ഇസ്ലാം സ്വീകരിക്കൽ) നിർബന്ധമാണോ?


✅എല്ലാം ദൈവത്തിനര്പ്പിച്ചു ജീവിക്കുന്നതിന്റെ അറബി സാങ്കേതിക പദമാണ് ഇസ്‌ലാം. അതേ പേരില് തന്നെയായിരുന്നു എല്ലാ പ്രവാചകന്മാരുടെയും കാലത്ത് മതം വ്യവഹരിക്കപ്പെട്ടിരുന്നത് എന്നില്ല. 'എല്ലാ ഓരോ പ്രവാചകനെയും നാം നിയോഗിച്ചത് തന്റെ ജനതയുടെ ഭാഷയിലായിരുന്നു' എന്ന് ഖുര്ആന് (14:4) വ്യക്തമാക്കിയതാണല്ലോ.
ആശയമാണ് പ്രധാനം. ദൈവത്തിന്റെ ഏകത, പ്രവാചകന്മാരുടെ സത്യത, മരണാനന്തര ജീവിതം എന്നീ അടിസ്ഥാന പ്രമാണങ്ങള് എല്ലാ പ്രവാചകന്മാരും ഒരുപോലെ പ്രബോധനം ചെയ്തിരുന്നതാണ്. അതേതുടര്ന്ന് നിര്ബന്ധമായി വരുന്ന നമസ്‌കാരം, വ്രതം, ദാനധര്മങ്ങള് എന്നീ അനുഷ്ഠാനങ്ങളും എല്ലാ പ്രവാചക മതങ്ങളിലും ഉണ്ടായിരുന്നു. രൂപം, സമയം, അളവ് എന്നിവയിലൊക്കെയായിരുന്നു വൈവിധ്യങ്ങള്.
അതുപോലെ കൊലപാതകം, വ്യഭിചാരം, പലിശ, അപവാദപ്രചാരണം, വ്യാജ സാക്ഷ്യം, മാതാപിതാക്കളെ ദ്രോഹിക്കല്, അനാഥകളുടെ സ്വത്തപഹരണം, മോഷണം, മദ്യപാനം, കളവ് പറയല്, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളില് ഏതെങ്കിലും ഒന്ന് അനുവദിച്ച ഒരു പ്രവാചകനും കഴിഞ്ഞുപോയിട്ടില്ല. ശിക്ഷാവിധികളില് വ്യത്യാസമുണ്ടായിരുന്നിരിക്കാം. സത്യം, സാഹോദര്യം, നീതി, സഹനം, സഹിഷ്ണുത, സദാചാരം, ദയ പോലുള്ള സദ്ഗുണങ്ങളും പ്രവാചകന്മാരുടെ പൊതു അധ്യാപനങ്ങളായിരുന്നു.
ഇതേപ്പറ്റിയെല്ലാം അറിവ് ലഭിച്ച ശേഷം, അതില് വിശ്വസിക്കുകയും അതനുസരിച്ച് സാധ്യമായത്ര ജീവിതം ക്രമപ്പെടുത്തുകയും ചെയ്തവര് ആരായാലും ഏതു കാലത്തായാലും രക്ഷപ്പെടും, സ്വര്ഗാവകാശികളാവും എന്നാണ് ഖുര്ആനില് നിന്ന് വ്യക്തമാവുന്നത്. മനപ്പൂര്വമല്ലാതെ വീഴ്ചകള് സംഭവിച്ചാല് അഥവാ ചെയ്ത തെറ്റുകള്ക്ക് മാപ്പിനപേക്ഷിച്ചാല് അല്ലാഹു പൊറുത്തു കൊടുക്കും എന്നും ഉറപ്പ് നല്കപ്പെട്ടിട്ടുണ്ട്.
എന്നാല്, ‘അല്ലാഹുവിന്റെയടുത്ത് സ്വീകാര്യമായ ദീന് ഇസ്‌ലാം മാത്രമാണ്’ (ഖുർആൻ 3:19), ‘ഇസ്‌ലാം അല്ലാത്ത ദീന് ആര് തേടിയാലും അത് സ്വീകാര്യമല്ല’ (ഖുർആൻ 3:85) എന്നീ സൂക്തങ്ങളുടെ പൊരുള് ഉപര്യുക്ത തത്ത്വങ്ങള്ക്ക് വിരുദ്ധമായ കാര്യങ്ങള് ഇതര മതങ്ങളില് പ്രവാചകന്മാര്ക്ക് ശേഷം പുരോഹിതന്മാര് കൂട്ടിച്ചേര്ത്തതിനാല് അവ അപ്പടി സ്വീകാര്യമല്ല എന്നാണ്.
ബഹുദൈവത്വം, പ്രവാചകന്മാരുടെ പേരില് ദിവ്യത്വാരോപണം, പുരോഹിതന്മാരുടെ അപ്രമാദിത്തം, മരണാനന്തര ജീവിതത്തെയും സ്വര്ഗ-നരകങ്ങളെയും കുറിച്ച വികല സങ്കല്പങ്ങള്, ഭൗതിക ജീവിതത്തോടുള്ള സമ്പൂര്ണ വിരക്തി, അന്യായമായ ഹിംസ തുടങ്ങിയ പല തെറ്റായ കാര്യങ്ങളും ഇസ്‌ലാമിതര മതങ്ങളിലുണ്ട്. അവയൊക്കെ അപ്പടി ശരിവെക്കാനാണെങ്കില് പിന്നെ മുഹമ്മദ് നബി ആഗതനാവേണ്ടതില്ലായിരുന്നുവല്ലോ.
ഏതുതരം പാപങ്ങളും പശ്ചാത്താപം വഴി അല്ലാഹു പൊറുത്തുതന്നേക്കുമെന്ന പ്രതീക്ഷ നല്കുന്നുണ്ട് ഖുര്ആന്. പാപം പൊറുക്കുക എന്നത് അല്ലാഹുവിന്റെ ഔദാര്യമാണ്. എത്ര തന്നെ പാപപങ്കിലമായ ജീവിതം നയിച്ച വ്യക്തിയാണെങ്കിലും അവന് ആത്മാര്ഥമായി പശ്ചാത്തപിച്ചു മടങ്ങിയാല് അല്ലാഹു അവനില് നിന്ന് വന്നുപോയ പാപങ്ങള് പൊറുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട് (39:53)
പാപങ്ങള് പല തരമുണ്ട്. അതില് ഏറ്റവും ഗുരുതരമായതാണ് ശിര്ക്ക് അഥവാ ബഹുദൈവാരാധന. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ആരാധനകള് സൃഷ്ടികള്ക്ക് സമര്പ്പിക്കുന്നതിനേക്കാള് വലിയ പാപങ്ങളേതുമില്ല. ശിര്ക്ക് ചെയ്യുന്നവന് ദൈവിക കാരുണ്യത്തിന്റെ ഭവനമായ സ്വര്ഗം നിഷിദ്ധമാണെന്നാണ് ഖുര്ആന് പഠിപ്പിക്കുന്നത് (5:75)
“നീ ശിര്ക്ക് ചെയ്യുന്ന പക്ഷം തീര്ച്ചയായും നിന്റെ കര്മം നിഷ്ഫലമായിപ്പോവുകയും തീര്ച്ചയായും നീ നഷ്ടകാരുടെ കൂട്ടത്തിലാവുകയും ചെയ്യും” (39:65) എന്നാണ് അന്തിമ പ്രവാചകന്‌ പോലും ഖുര്ആന് മുന്നറിയിപ്പ് നല്കുന്നത്.
ഇതര മതങ്ങളിലെ നല്ലതിനെയെല്ലാം ശരിവെച്ചും, തെറ്റായതിനെ മുഴുവന് തള്ളിപ്പറഞ്ഞുമാണ് അന്ത്യപ്രവാചകന് നിയുക്തനായത് എന്നതിനാല് അദ്ദേഹത്തിന്റെ കുറ്റമറ്റ സന്ദേശം സ്വീകരിക്കുക മാത്രമാണ് രക്ഷാമാര്ഗം എന്നു വരുന്നു. പ്രവാചക സന്ദേശം പഠിക്കാന് അവസരം ലഭിച്ചിട്ടില്ലാത്ത ജനവിഭാഗങ്ങളെ അല്ലാഹു ശിക്ഷിക്കുകയില്ല എന്നും ഖുര്ആന് ചൂണ്ടിക്കാണിച്ചിട്ടുണ്ട് (17:15).
എന്തൊക്കെയായാലും വ്യക്തികളെ സംബന്ധിച്ചേടത്തോളം സ്വര്ഗ നരകങ്ങളുടെ തീരുമാനം അന്തിമമായി അല്ലാഹുവില് നിക്ഷിപ്തമാണ്. ഒരാള്ക്കും അതേക്കുറിച്ച് വിധി പുറപ്പെടുവിക്കാനാവില്ല. അല്ലാഹു ആകട്ടെ പരമകാരുണ്യവാനാണ്. അവന് അകാരണമായി, വിചാരണ പോലും കൂടാതെ ഒരാളെയും നരകത്തിലേക്ക് തള്ളിവീഴ്ത്തുമെന്ന് ആശങ്കിക്കുന്നതുപോലും മഹാപരാധമാണ്.

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ