ഇസ്ലാം സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്നില്ലേ? പുരുഷന്മാർക്ക് ഇസ്ലാം മേധാവിത്വം നൽകുന്നുണ്ടോ?
ഇസ്ലാം സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്നില്ലേ? പുരുഷന്മാർക്ക് ഇസ്ലാം മേധാവിത്വം നൽകുന്നുണ്ടോ?
“പുരുഷന്മാര് സ്ത്രീകളുടെ നാഥന്മാരാകുന്നു. അല്ലാഹു അവരില് ചിലരെ മറ്റുള്ളവരെക്കാള് അനുഗ്രഹിച്ചിട്ടുള്ളതുകൊണ്ടും, പുരുഷന്മാര് അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്. അതിനാല് നല്ലവരായ വനിതകള് അനുസരണശീലരാകുന്നു. പുരുഷന്മാരുടെ അഭാവത്തില്, അല്ലാഹുവിന്റെ മേല്നോട്ടത്തിലും സംരക്ഷണത്തിലും അവര് ഭര്ത്താക്കന്മാരോടുള്ള ബാധ്യതകള് പൂര്ത്തീകരിക്കുന്നവരുമാകുന്നു” (ഖുര്ആന് 4:34)
പ്രസ്തുത സൂക്തം കുടുംബഘടനയെ സംബന്ധിച്ച ദൈവിക നിര്ദേശമാണ്. മേല് നോട്ടക്കാരനും രക്ഷാധികാരിയുമില്ലാതെ ഏതൊരു സ്ഥാപനവും സംരഭവും വിജയകരമായി നിലനില്ക്കുകയില്ല. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം ഭദ്രമായും സുരക്ഷിതമായും നില നില്ക്കേണ്ട സ്ഥാപനമത്രേ. കൈകാര്യകര്ത്താവില്ലാതെ അത് സാധ്യമല്ല. അത് ആരായിരിക്കണമെന്ന് ഓരോ കുടുംബത്തിലും സ്ത്രീ പുരുഷന്മാര്ക്കിടയില് വിവാദവിഷയമായാല് കുടുംബഭദ്രത നഷ്ടമാവുകയും ഛിദ്രത അനിവാര്യമാവുകയും ചെയ്യും. അതിനാല് ശാരീരികവും മാനസികവും വൈകാരികവുമായ പ്രത്യേകതകള് പരിഗണിച്ച് ഇസ്ലാം അത് പുരുഷനെ ഏല്പ്പിച്ചു.
കുടുംബത്തിന്റെ സംരക്ഷണമെന്നത് ഒരു അവകാശമോ അധികാരമോ അല്ല, ഭാരിച്ച ഉത്തരവാദിത്വമാണ്. ജീവിതവുമായി മല്ലിടാന് ഏറ്റവും പ്രാപ്തനും കരുത്തനും പുരുഷനുമായതിനാലാണ് കടുത്ത ആ ചുമതല പുരുഷനെ ഏല്പ്പിച്ചത്. അതിനാല് ഇസ്ലാമിക വീക്ഷണത്തില് പുരുഷന് കുടുംബമെന്ന കൊച്ചുരാഷ്ട്രത്തിലെ പ്രധാനമന്ത്രിയും സ്ത്രീ ആഭ്യന്തര മന്ത്രിയുമാണ്. വീട്ടിനകത്തെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നതും നിര്വഹിക്കുന്നതും സ്ത്രീയാണ്.
സ്ത്രീ പുരുഷന്മാര്ക്കിടയിലെ ബന്ധം ഭരണാധികാരി-ഭരണീയ ബന്ധമല്ല. അതിനാലാണ് ഇസ്‌ലാം ദമ്പതികളെ ഭാര്യ-ഭര്ത്താക്കന്മാരെന്ന് വിളിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യാത്തത്. ഇണകളെന്നാണ് ഇസ്ലാം ദമ്പതികളെ വിശേഷിപ്പിക്കുന്നത്. “സ്ത്രീകള് പുരുഷന്മാരുടെയും പുരുഷന്മാര് സ്ത്രീകളുടെയും വസ്ത്രമാണെന്നും” വിശുദ്ധ ഖുര്ആന് പറയാനുള്ള കാരണവും അതു തന്നെ (ഖുര്ആന് 2:187)
പുരുഷന് വീട്ടിലെ സേഛാധിപതിയോ സര്വാധികാരിയോ അല്ല. എല്ലാ ദൈവികപരിധികളും പാലിക്കാനയാള് ബാധ്യസ്ഥനാണ്. കുടുംബത്തിന്റെ സംരക്ഷണം മാന്യമായും മര്യാദയോടെയും നിര്വഹിക്കാന് കടപ്പെട്ടവനും, സ്ത്രീയുടെ അവകാശങ്ങളെല്ലാം പൂര്ണമായും പാലിച്ചു കൊണ്ടായിരിക്കണം അത് നിര്വഹിക്കുന്നത്. അല്ലാഹു അറിയിക്കുന്നു: “സ്ത്രീകള്ക്ക് ചില ബാധ്യതകളുള്ളപോലെത്തന്നെ ന്യായമായ ചില അവകാശങ്ങളുമുണ്ട്” (ഖുര്ആന് 2:228)
“വിശ്വാസികളില് ഏറ്റവുമധികം പൂര്ണത വരിച്ചവന് അവരില് ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്. നിങ്ങളിലേറ്റവും നല്ലവര് സ്വന്തം സഹധര്മിണിമാരോട് നന്നായി വര്ത്തിക്കുന്നവരാണ്” (തിര്മിദി)
സ്വകുടുംബത്തിന്റെ നിലനില്പ്പിനും പ്രതിരോധത്തിനും ജീവിതാവശ്യങ്ങള്ക്കും ഗുണകരമായ എല്ലാറ്റിനും പങ്കുവഹിക്കുന്നതിനു വേണ്ടി ജീവിതം നീക്കിവച്ചത് പുരുഷനായതിനാല് വീട്ടിലെ അവസാനവാക്ക് -ചര്ച്ചക്കും കൂടിയാലോചനക്കും ശേഷം- അവന്റേതാണ്. എന്നാലത് നന്മക്ക് എതിരോ അവകാശനിഷേധമോ അവിവേകപൂര്വമോ ആകാവതല്ല. ഭര്ത്താവിന് തെറ്റ് സംഭവിച്ചാല് തിരുത്താനും അയാളുടെ അന്യായമായ തീരുമാനങ്ങള് അവഗണിക്കാനും സ്ത്രീക്ക് അവകാശമുണ്ടായിരിക്കും.
പുറത്തു പോയി പണിയെടുക്കാന് സ്ത്രീയേക്കാള് കൂടുതല് കഴിയുക പുരുഷനാണ്. പ്രതിയോഗികളുടെ പരാക്രമങ്ങളെ പ്രതിരോധിക്കാന് സാധിക്കുന്നതും അവനുതന്നെ. എന്തുതന്നെയായാലും സ്ത്രീക്ക് എല്ലാ സമയത്തും ഒരു പോലെ പാടത്തും പറമ്പിലും ഫാക്ടറിയിലും പുറത്തും പോയി ജോലി ചെയ്തു സമ്പാദിക്കുക സാധ്യമല്ല. മനുഷ്യരാശി നില നില്ക്കണമെങ്കില് സ്ത്രീ ഗര്ഭം ധരിക്കുകയും പ്രസവിക്കുകയും മുലയൂട്ടുകയുമൊക്കെ വേണമല്ലോ. ഈ ശരീരികമായ പ്രത്യേകതകളാലാണ് ഇസ്‌ലാം കുടുംബത്തിന്റെ സാമ്പത്തികബാധ്യതകളും സംരക്ഷണോത്തരവാദിത്തങ്ങളും നേതൃപദവിയും പുരുഷനെ ഏല്പ്പിച്ചത്.
പിൻകുറി:
സ്ത്രീ വിമോചനം സാധ്യമാക്കിയ ദര്ശനമാണ് ഇസ്‌ലാം. സ്വാതന്ത്ര്യ ബോധവും ഇഛാ ശക്തിയുമുള്ള ഒരു സ്ത്രീസമൂഹത്തെ ഈ ദര്ശനം വളര്ത്തിയെടുത്തു. കുടുംബത്തിലും സമൂഹത്തിലും മാതൃകാപരമായ സ്ഥാനം നല്കി. സ്ത്രീ ഒരിക്കലും പുരുഷന്റെ അടിമയായി ജീവിക്കേണ്ടവളല്ല. സ്വാതന്ത്ര്യത്തിന്റെ പേരില് കാലികളെ പോലെ അനിയന്ത്രിതമായ ജീവിതവും അവള്ക്ക് ഭൂഷണമല്ല.
Comments
Post a Comment