ഖുര്‍ആന്‍ ബൈബിളിന്റെ അനുകരണമോ?❓
ഖുര്‍ആന്‍ ബൈബിളിന്റെ അനുകരണമോ?❓
മാനവരാശിക്ക് ദൈവിക #ജീവിതവ്യവസ്ഥ സമര്പ്പിക്കാന് നിയുക്തരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്. അതിനാല് അവരിലൂടെ സമര്പിതമായ ദൈവികസന്മാര്ഗത്തില് ഏകത ദൃശ്യമാവുക സ്വാഭാവികമത്രെ.
മുഹമ്മദ് നബി നിയോഗിതനായ കാലത്ത് മോശയുടെയോ യേശുവിന്റെയോ സന്ദേശങ്ങളും അധ്യാപനങ്ങളും തനതായ സ്വഭാവത്തില് നിലവിലുണ്ടായിരുന്നില്ല. ജൂതക്രൈസ്തവ സമൂഹങ്ങള് അവയില് ഗുരുതരമായ കൃത്രിമങ്ങളും വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേര്ക്കലുകളും നടത്തിയിരുന്നു. അതിനാല് ആ പ്രവാചകന്മാര് പ്രബോധനംചെയ്ത കാര്യങ്ങളില് ചെറിയ ഒരംശം മാത്രമാണ് ബൈബിളിലുണ്ടായിരുന്നത്. അവയുമായി മുഹമ്മദ് നബിയിലൂടെ അവതീര്ണമായ വിവരണങ്ങള് ഒത്തുവരിക സ്വാഭാവികമാണ്.
മതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ദൈവവിശ്വാസത്തില്തന്നെ #ജൂതക്രൈസ്തവ വീക്ഷണവും മുഹമ്മദ് നബിയുടെ പ്രബോധനവും തമ്മില് പ്രകടമായ അന്തരവും വൈരുധ്യവും കാണാം. മുഹമ്മദ് നബി കണിശമായ ഏകദൈവസിദ്ധാന്തമാണ് സമൂഹസമക്ഷം സമര്പ്പിച്ചത്. എന്നാല് ജൂതക്രൈസ്തവ സമൂഹങ്ങള് ഇന്നത്തെപ്പോലെ അന്നും വികലമായ ദൈവവിശ്വാസമാണ് വെച്ചുപുലര്ത്തിയിരുന്നത്. നബിതിരുമേനി ഇത് അംഗീകരിച്ച് അനുകരിച്ചില്ലെന്ന് മാത്രമല്ല, ഖുര്ആന് അതിനെ നിശിതമായി എതിര്ക്കുക കൂടി ചെയ്തു.
“യഹൂദന്മാര് പറയുന്നു: ‘ഉസൈര് ദൈവപുത്രനാകുന്നു’. ക്രൈസ്തവര് പറയുന്നു: ‘മിശിഹാ ദൈവപുത്രനാകുന്നു’. ഇതെല്ലാം അവര് വായകൊണ്ട് പറയുന്ന നിരര്ഥകമായ ജല്പനങ്ങളത്രെ. അവര്, തങ്ങള്ക്കുമുമ്പ് സത്യനിഷേധത്തിലകപ്പെട്ടവരുടെ വാദത്തോട് സാദൃശ്യം വഹിക്കുന്നു” (9:30).
‘അല്ലാഹു മൂവരില് ഒരുവനാകുന്നു എന്നു വാദിച്ചവര് തീര്ച്ചയായും സത്യനിഷേധികളായിരിക്കുന്നു. ഏകദൈവമല്ലാതെ വേറെ ദൈവമേയില്ല…” (5:73-74).
ഇന്നത്തെ ജൂതക്രൈസ്തവ സമൂഹത്തെപ്പോലെ അന്നത്തെ യഹൂദരും ക്രൈസ്തവരും യേശുവിന്റെ കുരിശുമരണത്തില് വിശ്വസിക്കുന്നവരായിരുന്നു. എന്നാല് ഖുര്ആന് ഇതിനെ ശക്തമായി നിഷേധിക്കുന്നു (ഖുര്ആന് 4:157).
ദൈവത്തെയും ദൈവദൂതന്മാരെയും സംബന്ധിച്ച് അബദ്ധജടിലമായ അനേകം പ്രസ്താവനകള് ബൈബിളിലുണ്ട്. ഉദാഹരണത്തിന് ചിലതു മാത്രമിവിടെ പറയാം:
മദ്യപിച്ച് ലഹരിക്കടിപ്പെട്ട് നഗ്‌നനാവുകയും ഒരു കുറ്റവുമില്ലാതെ പേരക്കുട്ടിയെ ശപിക്കുകയും ചെയ്ത നോഹ (ഉല്പത്തി 9:21-26) ഖുര്ആന് പരിചയപ്പെടുത്തുന്ന പരമപരിശുദ്ധനായ നൂഹ് നബിയില്നിന്നെത്രയോ വ്യത്യസ്തനത്രെ.
സ്വന്തം സഹധര്മിണിയെ ഭരണാധികാരിക്ക് വിട്ടുകൊടുത്ത് സമ്മാനം സ്വീകരിക്കുന്ന നീചരില് നീചനായ ബൈബിളിലെ അബ്രാമും (ഉല്പത്തി 12:10-16) ഖുര്ആന് പരിചയപ്പെടുത്തുന്ന ആദര്ശശാലിയും ത്യാഗസന്നദ്ധനും ധീരനും വിപ്‌ളവകാരിയുമായ ഇബ്‌റാഹീം നബിയും തമ്മില് ഒരു താരതമ്യം പോലും സാധ്യമല്ല.
അത്യന്തം ഹീനവും നീചവും മ്‌ളേഛവുമായ വൃത്തിയിലേര്പ്പെട്ടതായി ബൈബിള് പരിചയപ്പെടുത്തിയ ലോത്തും (ഉല്പത്തി 19:30-38) ജീവിതവിശുദ്ധിക്കും ലൈംഗിക സദാചാരത്തിനും ജീവിതകാലം മുഴുവന് നിലകൊണ്ട പരിശുദ്ധിയുടെ പ്രതീകമായ ലൂത്വ് നബിയും ഒരിക്കലും സമമാവുകയില്ല.
ദൈവദൂതനായ ദാവീദ് തന്റെ രാജ്യത്തെ പട്ടാളക്കാരനായ ഊറിയായുടെ ഭാര്യ ബത്‌ശേബയെ വ്യഭിചരിച്ചതായും അവളെ ഭാര്യയാക്കാനായി ഊറിയയെ യുദ്ധമുന്നണിയിലേക്കയച്ച് കൊല്ലിച്ചതായും ബൈബിള് പറയുന്നു (ശാമുവേല് 11: 116).
പൂര്വപ്രവാചകന്മാരുടെ പില്ക്കാല ശിഷ്യന്മാര് പ്രവാചകാധ്യാപനങ്ങളില്നിന്ന് വ്യതിചലിച്ച് പൈശാചിക ദുര്ബോധനങ്ങള്ക്ക് വശംവദരായപ്പോള് സ്വന്തം അധര്മങ്ങളും സദാചാരരാഹിത്യങ്ങളും പ്രവാചകന്മാരിലും ആരോപിക്കുകയും അത് വേദപുസ്തകങ്ങളില് കൂട്ടിച്ചേര്ക്കുകയുമായിരുന്നു. ഇത്തരം എല്ലാവിധ അപഭ്രംശങ്ങളില്നിന്നും തീര്ത്തും മോചിതമാണ് വിശുദ്ധ ഖുര്ആന്.
ഇങ്ങനെ കൈകടത്തപ്പെട്ട പൂര്വവേദങ്ങളുടെ അനുകരണമാണ് വിശുദ്ധ ഖുര്ആനെന്ന് അതിനെ സംബന്ധിച്ച നേരിയ അറിവെങ്കിലുമുള്ള ആരും ആരോപിക്കുകയില്ല. ദൈവദൂതന്മാരെപ്പറ്റി പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകള് തിരുത്തി അവരുടെ യഥാര്ഥ അവസ്ഥ അനാവരണം ചെയ്യുകയാണ് ഖുര്ആന്. അതുകൊണ്ടുതന്നെ ബൈബിള് പരിചയപ്പെടുത്തുന്ന പ്രവാചകന്മാരില് പലരും ചതിയന്മാരും തെമ്മാടികളും കുറ്റവാളികളും ക്രൂരന്മാരുമാണെങ്കില്, ഖുര്ആനിലവര് എക്കാലത്തും ഏവര്ക്കും മാതൃകാ യോഗ്യമായ സദ്ഗുണങ്ങളുടെ ഉടമകളായ മഹദ് വ്യക്തികളാണ്; മനുഷ്യരാശിയുടെ മഹാന്മാരായ മാര്ഗദര്ശകരും. (courtesy)
Comments
Post a Comment