❓പുതിയ തലമുറയിൽ മതം/ഇസ്ലാം ഉപേക്ഷിക്കുന്ന പ്രവണത കൂടുന്നുണ്ടോ?
❓പുതിയ തലമുറയിൽ മതം/ഇസ്ലാം ഉപേക്ഷിക്കുന്ന പ്രവണത കൂടുന്നുണ്ടോ?
‘മുസ്ലിം’ എന്നാൽ സ്വന്തത്തെ സ്രഷ്ടാവിന് സമര്പ്പിച്ചവന് എന്നാണര്ഥം. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ നാനാതുറകളിലേക്കുമുള്ള ദൈവിക മാര്ഗനിര്ദേശം സ്വീകരിക്കുന്ന കാര്യത്തില് യാതൊരു വിട്ടുവീഴ്ചക്കും തയാറാകാന് മുസ്ലിമിന് കഴിയുകയില്ല.
ആരാധനാലയത്തിലെത്തുമ്പോള് ദൈവബോധവും ജീവിതത്തിലെല്ലാം തന്നിഷ്ടവുമെന്ന ‘മതസങ്കല്പം’ ഇസ്ലാമിന് അന്യമായതിനാല് എല്ലാ രംഗത്തേക്കുമുള്ള ഇസ്ലാമിക വിധിവിലക്കുകള് കര്ശനമായും പാലിക്കുന്നവനായിരിക്കും യഥാര്ഥ മുസ്ലിം.
എന്നാൽ ആരാലും നിയന്ത്രിക്കപ്പെടാതെ സർവതന്ത്ര സ്വതന്ത്രരായി ജീവിതം ആസ്വദിക്കുക എന്നതാണ് പുതിയ തലമുറയുടെ മുദ്രാവാക്യം തന്നെ.
ഭൗതികമായ സംവിധാനങ്ങളും സാഹചര്യങ്ങളും വർദ്ധിച്ചതിനനുസരിച്ച് ദൈവത്തെയടക്കം എല്ലാവരെയും, എല്ലാത്തിനെയും വെല്ലുവിളിക്കുന്നതും ഇന്നത്തെ തലമുറയുടെ ഒരു ഫാഷൻ ആയി മാറി. സ്വന്തത്തെ സ്രഷ്ടാവിന് സമർപ്പിക്കുന്നത് പോയിട്ട് ആരുടെ മുന്നിലും ഒന്ന് താഴ്ന്നു കൊടുക്കാൻ പോലും ഇക്കൂട്ടർ തയ്യാറല്ല.
അതേ സമയം പല മതങ്ങളിലും, മുസ്ലിങ്ങൾ എന്നവകാശപ്പെടുന്ന ചിലരിൽ തന്നെയും കാണപ്പെടുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പലരെയും മതങ്ങളിൽ നിന്നും അകറ്റുന്നു എന്നതും നിഷേധിക്കുന്നില്ല. എന്നാൽ ഇസ്ലാം ഇത്തരം അന്ധ-വിശ്വാസങ്ങൾക്കെതിരെയാണ് എന്ന യാഥാർഥ്യം മനസ്സിലാക്കുകയോ, എന്താണ് യഥാർത്ഥ ഇസ്ലാം എന്ന് അന്വേഷിക്കുകയോ ചെയ്യാൻ ഇവർ തയ്യാറാവുന്നില്ല എന്നത് ഖേദകരം.
മുസ്‌ലിംകളിൽ മഹാഭൂരിഭാഗം പേർക്കും ഇസ്ലാമിനെ കുറിച്ചോ ഇസ്ലാമിലെ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ചോ കൃത്യമായ അവബോധമില്ലായ്മയും ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ആരെങ്കിലും ഏതെങ്കിലും ഒരു ചെറിയ വിമർശനം ഉന്നയിക്കുമ്പോഴേക്കും വിശ്വാസം പതറിപ്പോവുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമാറ് പരിമിതമാണ് ഇസ്ലാമിനെ കുറിച്ചുള്ള അവരുടെ വിജ്ഞാനം.
തൻറെ കൺമുന്നിൽ കാണുന്നതിനെ മാത്രമേ വിശ്വസിക്കുകയുള്ളൂ എന്ന ധാർഷ്ട്യത്തിൽ ആണ് പുതിയ തലമുറ. തനിക്ക് കാണാൻ കഴിയാത്തതിനെയെല്ലാം -പ്രത്യേകിച്ചും തങ്ങളുടെ ഭൗതിക താല്പര്യങ്ങൾക്കെതിരായവയെ- അന്ധമായി നിഷേധിക്കുന്ന ഒരു കാഴ്ചപ്പാടാണ് പൊതുവേ ഈ തലമുറയിൽ നമ്മൾ കാണുന്നത്. സ്വർഗം, നരകം, പരലോകം, വിചാരണ തുടങ്ങിയവർക്കൊന്നും തന്നെ യാതൊരു തെളിവുമില്ലെന്ന് ഇക്കൂട്ടർ വാദിക്കുന്നു. എന്നാൽ സർവ്വേശ്വരൻ തന്ന ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്ന ഏതൊരാൾക്കും അവയുടെയെല്ലാം സാധ്യതകളും അനിവാര്യതയും കൃത്യമായി ബോധ്യപ്പെടുന്നതാണ് എന്ന് കഴിഞ്ഞ ഭാഗങ്ങളിൽ നമ്മൾ മനസ്സിലാക്കി.
കാണാൻ കഴിയുന്നില്ല എന്നുള്ളതും, തെളിവുകൾ ഇല്ല എന്നുള്ളതുമെല്ലാം ഇവരുടെ കേവല വാദങ്ങൾ മാത്രമാണ്. യഥാർത്ഥത്തിൽ ഭൗതിക താൽപര്യങ്ങളിൽ അഭിരമിക്കുക എന്നുള്ളതാണ് ഇവരുടെ ജീവിത ലക്ഷ്യം തന്നെ. അതിനു തടസ്സം നിൽക്കുന്നവയെയെല്ലാം നിഷേധിക്കുക എന്നുള്ളത് ഇത്തരക്കാരുടെ പ്രകൃതമാണ്.
മദ്യവും മയക്കുമരുന്നുമൊക്കെ ആളുകൾ ഉപയോഗിക്കുന്നത് അവയുടെ ദോഷഫലങ്ങൾ അറിയാഞ്ഞിട്ടല്ലല്ലോ! അവയുടെ പാക്കറ്റുകളിൽ തന്നെ അവ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എഴുതി വയ്ക്കാറുണ്ട് എന്ന് നമുക്കറിയാം. എല്ലാവിധ ശാസ്ത്രീയമായ തെളിവുകളും അനുഭവങ്ങളും കൺമുന്നിൽ കണ്ടാലും, സ്വയം അനുഭവിച്ചാൽ പോലും മാറാനോ തിരുത്താനോ സന്നദ്ധമല്ലാത്ത മനുഷ്യർ ദൈവത്തെയും പരലോകത്തെയുമൊക്കെ നിഷേധിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഏതായാലും ഇസ്ലാം എന്ന ദർശനം ശരിയല്ല എന്ന് തോന്നിയിട്ടല്ല പലപ്പോഴും ആളുകൾ ഇസ്ലാം ഉപേക്ഷിക്കുന്നത്. മറിച്ച് ഭൗതികമായ എന്തെങ്കിലും നേട്ടങ്ങൾ ആഗ്രഹിച്ചോ, അതല്ലെങ്കിൽ ആർക്കും കീഴ്‌വണങ്ങാതെ തന്നിഷ്ടപ്രകാരം ജീവിതം ആസ്വദിക്കുക എന്ന ലക്ഷ്യമോ ആണ് ആളുകൾ ഇസ്‌ലാമിൽ നിന്നും അകലുന്നതിനു പിന്നിലുള്ള പ്രധാന പ്രചോദനം. ഇസ്ലാം ഉപേക്ഷിക്കുന്നവരിൽ ന്യൂനാൽ ന്യൂനപക്ഷം മാത്രമേ ഇതര മത-ദർശനങ്ങളിലേക്ക് പോകുന്നുള്ളൂ; ഭൂരിഭാഗവും ഭൗതികതയിലാണ് അഭയം തേടുന്നത് എന്നതും ഈയൊരു ധാരണ ശരിവെക്കുന്നു. (courtesy)
Comments
Post a Comment