ഹിജഡകളെ ഇസ്‌ലാം അവഗണിക്കുന്നുവോ?

 ഹിജഡകളെ ഇസ്‌ലാം അവഗണിക്കുന്നുവോ?

ഇസ്‌ലാമിക ദൃഷ്ട്യാ, മനുഷ്യ സമൂഹമായ നാം താല്‍ക്കാലിക ഇടമായ ഭൗതിക ലോകത്തെ അല്ലാഹുവിന്റെ പ്രതിനിധികളാണ്. ഈ ലോകത്ത് മനുഷ്യരനുഭവിക്കുന്ന സാമ്പത്തിക, ശാരീരിക, മാനസിക നേട്ട കോട്ടങ്ങള്‍ പരിഗണനയുടെയോ അവഗണനയുടെയോ മാനദണ്ഡങ്ങളായി സ്വീകരിക്കുന്നത് മൗഢ്യമാണ്. ഭൗതികലോകത്തിന് ശേഷമുള്ള പരലോകജീവിതത്തിലെ വിജയമാണ് പരിഗണനയുടെ മാപിനിയാവേണ്ടത്. ഈ വിജയത്തിന് വിഘാതം സ്യഷ്ടിക്കുന്ന ഇടപെടലുകളെ അവഗണനയായും കണക്കാക്കാം. ഈ ഒരു മാപിനി സ്വതന്ത്രാധികാരമുള്ള രണ്ട് പേര്‍ക്കിടയിലാണ്. അടിമയും ഉടമയും തമ്മില്‍ ഈ ഒരു മാനദണ്ഡം സ്വീകാര്യമല്ലെങ്കില്‍ പോലും നപുംസക വര്‍ഗത്തോടുള്ള അല്ലാഹുവിന്റെ സമീപനത്തില്‍ അവഗണന കാണാന്‍ സാധ്യമല്ല. ‘നിങ്ങളില്‍ ഉത്തമര്‍ ഭയഭക്തിയോടെ ജീവിതം നയിക്കുന്നവരാണ്’ എന്ന ഖുര്‍ആനിക വചനം സര്‍വവിധ അവഗണനയെയും ഇല്ലായ്മ ചെയ്യുന്നതാണ്. ‘നിങ്ങളുടെ ശരീരത്തിലേക്കോ ആകാരവൈശിഷ്ട്യത്തിലേക്കോ അല്ല അല്ലാഹു നോക്കുന്നത്, മറിച്ച് നിങ്ങളുടെ ഹൃദയങ്ങളില്‍ കുടികൊള്ളുന്ന വിശ്വാസത്തിലേക്കാണ്’ എന്ന തിരുവചനം ഇസ്‌ലാമിക സമീപനത്തെ വ്യക്തമായി അടയാളപ്പെടുത്തുകയാണ്. അതിനാല്‍ നപുംസകര്‍ അനുഭവിക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളും കര്‍മശാസ്ത്രം നിര്‍ദേശിക്കുന്ന ചില നിയമവശങ്ങളും പ്രഥമദൃഷ്ട്യാ, അവഗണനയായി തോന്നാമെങ്കിലും, അത് അവഗണനയല്ലെന്നും പരലോകജീവിതത്തിലെ വിജയത്തിന് നിദാനമായി വര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും ബോധ്യപ്പെടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമ കൈകൊള്ളുന്ന വിശ്വാസിക്ക് പ്രതിഫലം വര്‍ധിക്കാന്‍ നിമിത്തമാവുന്നു. നപുംസകര്‍ നേരിടുന്ന മുഴുവന്‍ പ്രയാസങ്ങളും ഈ ഒരു വീക്ഷണകോണിലൂടെ സമീപിക്കാന്‍ വിശ്വാസിക്ക് സാധ്യമാണ്. അതിനു പുറമെ വിശുദ്ധ ഇസ്‌ലാം ഇവരുടെ ശാരീരിക മാനസികനില പരിഗണിച്ചു കൊണ്ടാണ് നിയമങ്ങള്‍ നിര്‍മിക്കുന്നത്. ഇത്തരം നിയമങ്ങളെ അവഗണനായി കാണുന്നത് നിരര്‍ത്ഥകമാണ്. യഥാര്‍ത്ഥത്തില്‍ അവരുടെ വിവാഹം സാധുവാകില്ല എന്നത് അവഗണനയായി കാണിക്കാറുണ്ട്. സമൂഹത്തിന്റെ സ്വത്വനിലനില്‍പ്പിന് വേണ്ടിയാണ് ഈ നിയമം മുന്നോട്ട് വെക്കുന്നത്.
വിവാഹത്തിനവസരമില്ലെന്നത് അവഗണനയായി കാണേണ്ടതില്ല. ശാരീരികമോ സാമ്പത്തികമോ ആയ കാരണത്താല്‍ ഒരാള്‍ക്ക് വിവാഹം ചെയ്യാന്‍ സാധ്യമാവാതെ വന്നാല്‍ അവന്‍ തന്റെ വികാരങ്ങളെ തടഞ്ഞു നിര്‍ത്താനും നോമ്പനുഷ്ഠിക്കാനുമാണ് ഇസ്‌ലാം നിര്‍ദേശം നല്‍കുന്നത്. ഇത് ഹിജഡകള്‍ക്ക് മാത്രമുള്ള നിയമവുമല്ല.
ലൈംഗിക ഇടപാടുകളിലും ദാമ്പത്യ ജീവിതത്തിലും വന്നേക്കാവുന്ന പരിമിതികള്‍ പരിഗണിച്ച് കൊണ്ടാണ് ഇസ്‌ലാം ഈ നിയമം മുന്നോട്ടു വെക്കുന്നത്. ശാരീരിക വൈകല്യമോ സാമ്പത്തിക ദൗര്‍ബല്യമോ ഉള്ളവര്‍ക്കും ഇസ്‌ലാമില്‍ സമാനമായ നിയമങ്ങളാണുള്ളത്. സാമൂഹിക അസന്തുലിതത്വവും അരാജകത്വവും സ്യഷ്ടിക്കപ്പെടാതിരിക്കാനുള്ള പോംവഴിയാണിത്.

Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ