യുദ്ധം സമാധാനത്തിനു വേണ്ടി ?



മുഹമ്മദ് നബിയെ ഒരു പടനായകനെന്ന നിലക്ക് പരിചയപ്പെടുത്തുമ്പോള്‍, യുദ്ധത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും അദ്ദേഹം വിശ്വസിക്കുകയും പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്ത ഇസ്‌ലാമിക തത്വസംഹിതകള്‍ എന്ത് പറയുന്നു എന്ന പരിശോധന ഉചിതമാണ്.

ഇസ്‌ലാമിന്റെ അടിസ്ഥാന സങ്കല്‍പം സമാധാനത്തെക്കുറിച്ചുള്ളതാണ്. യുദ്ധം ഒരു അനിവാര്യതയായി വന്നു ചേരുകയാണ്. അപ്പോള്‍ യുദ്ധനിയമങ്ങള്‍ പ്രതിപാദിക്കേണ്ടി വരുന്നു. സത്യത്തിലേക്ക് തുറക്കുന്ന ഋജുവായ പാത ജനസമക്ഷം സമര്‍പ്പിക്കുകയാണ് ഇസ്‌ലാമിക ദൗത്യത്തിന്റെ കാതല്‍. മനുഷ്യന്റെ സര്‍ഗപരവും നൈസര്‍ഗികവും ധൈഷണികവുമായ കഴിവുകള്‍ പൂര്‍ണവികാസം കൈവരിക്കുകയും അവന്റെ ആത്മീയവും ധാര്‍മികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ ആ ദൗത്യനിര്‍വഹണം സാധ്യമാവുകയുള്ളൂ. അതിന് സമാധാനം നിലനിന്നേ മതിയാവൂ.

ഇസ്‌ലാം എന്ന അറബി ശബ്ദത്തിന് സമാധാനം എന്ന അര്‍ഥമുണ്ട്. മനുഷ്യ മനസ്സിലും അവന്‍ ജീവിക്കുന്ന സമൂഹത്തിലും സമാധാനവും സ്വസ്ഥതയുമുണ്ടാവണമെങ്കില്‍ ദൈവം നിര്‍ദേശിക്കുന്ന വഴി പിന്തുടരണമെന്നാണ് ഇസ്‌ലാം പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനം നിര്‍ബന്ധബാധ്യതയായി മനുഷ്യന്റെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നില്ല. അവനത് സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാം.

തെരഞ്ഞെടുപ്പിനുള്ള പൂര്‍ണ സ്വാതന്ത്ര്യം അവന് നല്‍കിയിരിക്കുന്നു. മനുഷ്യനെ ബലം പ്രയോഗിച്ച് സത്യമതത്തിലേക്ക് കൊണ്ടുവരേണ്ട ചുമതലയൊന്നും നിങ്ങള്‍ക്കില്ല എന്ന് അല്ലാഹു പ്രവാചകന്മാരെ ഉണര്‍ത്തുന്നത് ഖുര്‍ആനില്‍ പലയിടത്തും നമുക്ക് കാണാന്‍ കഴിയുന്നു. ബലപ്രയോഗമില്ലെങ്കില്‍ പിന്നെ സംഘട്ടനത്തിന്റെയോ ഹിംസയുടെയോ പ്രശ്‌നം ഉത്ഭവിക്കുന്നില്ല. പ്രവാചകന്‍ തിരുമേനി ഹജ്ജത്തുല്‍ വിദാഇല്‍ ചെയ്ത മനുഷ്യാവകാശ പ്രഖ്യാപനം ഇതോടൊന്നിച്ച് ചേര്‍ത്തു വായിച്ചാല്‍, മനുഷ്യ ജീവന് ഇസ്‌ലാമിനോളം പരിപാവനത കല്‍പിച്ച മറ്റൊരു ജീവിതദര്‍ശനവും ലോകത്ത് ഉണ്ടായിട്ടില്ല എന്ന് സമ്മതിക്കേണ്ടിവരും.

പിന്നെയെന്തുകൊണ്ട് പ്രവാചകന് യുദ്ധം ചെയ്യേണ്ടിവന്നു?
ശത്രുക്കളുടെ പീഡനവും പരിഹാസവും ഏറ്റുവാങ്ങി ഇസ്‌ലാമിക പ്രബോധനം നടത്തിക്കൊണ്ടിരുന്ന ഒരു പ്രബോധകന്‍ മാത്രമായിരുന്നു മക്കാ കാലഘട്ടത്തിലെ പ്രവാചകന്‍ തിരുമേനി. മര്‍ദനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചപ്പോഴും അദ്ദേഹം തിരിച്ചടിക്കാന്‍ തുനിഞ്ഞില്ല. അക്രമം കൊണ്ട് പൊറുതി മുട്ടിയ അനുയായികള്‍ ആവലാതി പറഞ്ഞപ്പോള്‍ “ക്ഷമയവലംബിക്കുകയും വിശ്വാസം ദൃഢീകരിക്കുകയും ചെയ്യുക” എന്നായിരുന്നു അവിടുന്നു നല്‍കിയ ഉപദേശം.

‘ഹിജ്‌റ’ക്കുശേഷം മുസ്‌ലിംകള്‍ മര്‍ദിതരും ഖുറൈശികള്‍ മര്‍ദകരുമാണെന്ന അവസ്ഥക്ക് കാര്യമായ മാറ്റം വന്നു. മദീന ഒരു ഇസ്‌ലാമിക രാഷ്ട്രമായും മുസ്‌ലിംകള്‍ ഒരു സംഘടിതശക്തിയായും വളര്‍ന്നുവന്നു.

സ്ഥാപിതതാല്‍പര്യക്കാരും അഹങ്കാരികളുമായ മക്കയിലെ ഖുറൈശികള്‍ക്ക് മദീനയില്‍ ഒരു പുതിയ ശക്തി ഉദിച്ചുയരുന്നത് കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. മദീനയിലെ ജൂതന്മാരുമായി ഉപജാപങ്ങള്‍ നടത്തിയും രഹസ്യധാരണകളിലേര്‍പ്പെട്ടും അവര്‍ ഇസ്‌ലാമിക രാഷ്ട്രത്തെ അട്ടിമറിക്കാന്‍ കൊണ്ട്പിടിച്ച് ശ്രമിച്ചു. തങ്ങളുടെ നിലനില്‍പിനെ അപകടപ്പെടുത്തുന്ന നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും മുസ്‌ലിംകള്‍ക്കത് ചെറുക്കേണ്ടതുണ്ടായിരുന്നു. ഇവിടെയാണ് സംഘട്ടനം അനിവാര്യതയായി ഭവിക്കുന്നത്.

നെപ്പോളിയനും അലക്‌സാണ്ടറും ഹിറ്റ്‌ലറും ചെയ്തപോലെ ഭൂമിയും അധികാരവും പിടിച്ചടക്കാനല്ല ഇവിടെ സമരം നടക്കുന്നത്. മറിച്ച്, മുസ്‌ലിം സമൂഹത്തെയും ഇസ്‌ലാമിക ആദര്‍ശത്തെയും സംരക്ഷിക്കാനും ശത്രുവിന്റെ സൈനിക ബലം തകര്‍ക്കാനുമാണ്. സത്യത്തിന്റെ ശക്തിയും പൈശാചിക മനോഭാവം വെച്ചുപുലര്‍ത്തുന്ന സകലമാന ശക്തികളും തമ്മിലാണ് അവിടെ സംഘട്ടനം നടക്കുന്നത്.

നീക്കു പോക്കുകളിലൂടെ സംഘട്ടനം ഒത്തുതീര്‍പ്പിലെത്തുക സാധ്യമല്ല. മര്‍ദനത്തിന്റെയും ചൂഷണത്തിന്റെയും ശക്തികളെ ഉന്മൂലനം ചെയ്യുക എന്ന മഹത്തായ ധര്‍മമാണ് ഈ സംഘട്ടനത്തിലൂടെ ഇസ്‌ലാമിക ശക്തി നിറവേറ്റുന്നത്. ആ പൈശാചിക ശക്തികളെ വളരാനനുവദിച്ചാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മിക സദാചാര മൂല്യങ്ങളെയും ദൈവബോധത്തെയും അത് നശിപ്പിച്ചുകളയുമെന്നത് തീര്‍ച്ചയാണ്. അതിനാലാണ് ഇസ്‌ലാമിക ശക്തിയുടെ ഈ മുന്നേറ്റം ‘വിശുദ്ധസമര'(ജിഹാദ്)മായി മാറുന്നത്.

ദൗര്‍ഭാഗ്യവശാല്‍ ജിഹാദെന്ന് കേള്‍ക്കുമ്പോള്‍ രൗദ്രഭാവവും ഭീകര രൂപവുമുള്ള എന്തോ ഒന്നാണ് നമ്മുടെ ചരിത്രകാരന്മാരുടെ മനസ്സില്‍ ഓടിയെത്തുന്നത്.


നബിതിരുമേനിയുടെ ജീവിതകാലത്തുണ്ടായ സംഘട്ടനങ്ങളെ മുസ്‌ലിം ചരിത്രകാരന്മാര്‍ രണ്ടായി ഇനം തിരിക്കുന്നത് കാണാം. ‘ഗസ്‌വ’ എന്നും ‘സരിയ്യ’ എന്നും. നബിതിരുമേനി നേരിട്ട് നേതൃത്വം നല്‍കിയ പടയോട്ടത്തിന് ‘ഗസ്‌വ’ എന്നും അല്ലാത്തവക്ക് ‘സരിയ്യ’ എന്നും പറയുന്നു.

തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ മനസ്സിലാക്കാനും അതിര്‍ത്തികളില്‍ പട്രോളിംഗ് നടത്താനും സഖ്യകക്ഷികളുമായി സംഭാഷണങ്ങള്‍ നടത്താനും ചെറിയ സംഘങ്ങളെ നബി(സ) അയക്കുക പതിവായിരുന്നു. യുദ്ധത്തിന് വേണ്ടിയല്ല ഈ വിഭാഗങ്ങളെ അയച്ചിരുന്നത്. പക്ഷേ, നമ്മുടെ ചരിത്രഗ്രന്ഥങ്ങളില്‍, യുദ്ധകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്താണ് തന്ത്രപ്രധാനമായ ഇത്തരം നീക്കങ്ങളെ വകകൊള്ളിച്ചിരിക്കുന്നത്. ഇതൊക്കെ രക്തരൂഷിത സംഘട്ടനങ്ങളായിരുന്നുവെന്നാണ് ചരിത്രകൃതി വായിക്കുന്നവര്‍ മനസ്സിലാക്കുക. യഥാര്‍ഥത്തില്‍ നബിയുടെ കാലത്ത് നടന്ന യുദ്ധങ്ങളില്‍ ബദ്ര്‍, ഉഹുദ്, അഹ്‌സാബ്, ഖൈബര്‍, ഹുനൈന്‍ തുടങ്ങിയ ഏതാനും യുദ്ധങ്ങളില്‍ മാത്രമേ രക്തച്ചൊരിച്ചില്‍ നടന്നിട്ടുള്ളൂ.

നബി നയിച്ച യുദ്ധങ്ങള്‍ മനുഷ്യനെതിരെയല്ല, ദുഷിച്ച വ്യവസ്ഥിതിക്കെതിരെയാണ് എന്ന് സൂചിപ്പിച്ചുവല്ലോ. അതുകൊണ്ടു തന്നെ രക്തച്ചൊരിച്ചില്‍ അനിവാര്യമായ ഘട്ടത്തില്‍ മാത്രമേ സംഭവിക്കുന്നുള്ളൂ. ഏറ്റവും കുറഞ്ഞ നരഹത്യകൊണ്ട് പരമാവധി വിപ്ലവം സാധിക്കുക. ഒരു സ്ഥിതിവിവര കണക്കിലൂടെ ഇക്കാര്യം വ്യക്തമാകും. നബിയുടെ കാലത്തുണ്ടായ ആകെ യുദ്ധങ്ങളില്‍ മൊത്തം മരിച്ചവര്‍ മുസ്‌ലിംകളില്‍നിന്ന് 255-ഉം ശത്രുക്കളില്‍നിന്ന് 759-ഉം ആണ്. ഇസ്‌ലാമിന് എതിരെയുള്ള മുഴുവന്‍ നീക്കങ്ങളെയും പരാജയപ്പെടുത്താന്‍ ഇത്രയും കുറഞ്ഞ മനുഷ്യരെ മാത്രമേ ബലികൊടുക്കേണ്ടി വന്നുള്ളൂ.

മുസ്‌ലിം സേന പിടിച്ച ആകെ തടവുകാരുടെ എണ്ണം 6564 ആണ്. ക്രിമിനല്‍ കുറ്റം തെളിഞ്ഞതിന്റെ പേരില്‍ ഇവരില്‍ രണ്ട് പേരെ വധിച്ചു. 6347 പേരെ വിട്ടയച്ചു. ബാക്കിയുള്ള 215 പേരെക്കുറിച്ച് ചരിത്രഗ്രന്ഥങ്ങള്‍ വ്യക്തമായൊന്നും പറയുന്നില്ല. അവര്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചിരിക്കാനാണ് സാധ്യത.

ഇത്രയും മനസ്സില്‍ ഓര്‍മിച്ചശേഷം ലോകത്ത് നടന്ന മഹാവിപ്ലവങ്ങളുടെയും മഹായുദ്ധങ്ങളുടെയും കഥയൊന്ന് എടുത്തു നോക്കൂ. ഫ്രഞ്ച് വിപ്ലവത്തില്‍ 66 ലക്ഷവും റഷ്യന്‍ വിപ്ലവത്തില്‍ ഒരു കോടിയിലധികവും ഒന്നാം ലോകയുദ്ധത്തില്‍ 73 ലക്ഷവും രണ്ടാം ലോകമഹായുദ്ധത്തില്‍ 106 ലക്ഷവും മരിച്ചുവീണു എന്നാണല്ലോ നമുക്ക് ലഭിച്ച ഒരു ഏകദേശ കണക്ക്. അതുകൊണ്ട് നബി നയിച്ച യുദ്ധങ്ങളെയും ഒരു പടനായകന്‍ എന്ന നിലക്ക് തിരുമേനി പ്രകടിപ്പിച്ച കഴിവുകളെയും അലക്‌സാണ്ടറോടോ നെപ്പോളിയനോടോ താരതമ്യപ്പെടുത്തി മനസ്സിലാക്കുന്നത് നമ്മെ ചിലപ്പോള്‍ തെറ്റായ നിഗമനങ്ങളിലെത്തിക്കും. യുദ്ധത്തെക്കുറിച്ചുള്ള സങ്കല്‍പത്തില്‍ നബിക്കും ഇതര പടനായകന്മാര്‍ക്കുമിടയില്‍ മൗലികമായ അന്തരം തന്നെയാണുള്ളത്.

അനാഥനായാണ് മുഹമ്മദ് ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം ആട്ടിന്‍പറ്റങ്ങളെ മേച്ച് നടക്കുമായിരുന്നു. യുവത്വത്തിലേക്ക് കാലൂന്നിയപ്പോള്‍ വ്യാപാരം തന്റെ തൊഴിലായി സ്വീകരിച്ചു. യുദ്ധതന്ത്രമോ ആയോധനകലയോ ജീവിതത്തിലൊരിക്കല്‍പോലും അദ്ദേഹം അഭ്യസിച്ചിരുന്നില്ല. പ്രവാചകത്വം ലഭിച്ച നാള്‍ മുതല്‍ സമാധാനത്തിന്റെ പാതയിലേക്കാണ് അദ്ദേഹം ജനസമൂഹങ്ങളെ ക്ഷണിച്ചത്. അസഹിഷ്ണുക്കളും അഹങ്കാരികളുമായ ശത്രുക്കള്‍ അദ്ദേഹം അഭയം തേടിച്ചെന്ന മദീനയെ കടന്നാക്രമിക്കാനാണ് ഒരുമ്പെട്ടത്. ആത്മരക്ഷക്കുവേണ്ടി അദ്ദേഹത്തിന് ആയുധമെടുക്കേണ്ടിവന്നു.

യുദ്ധം അദ്ദേഹത്തിന്റെ മേല്‍ കെട്ടിയേല്‍പിക്കുകയായിരുന്നു. വിമോചനത്തിന്റെ വഴി പറഞ്ഞുകൊടുക്കുന്ന ദൈവപ്രവാചകനായും സത്യത്തിന്റെയും നീതിയുടെയും സന്ദേശം പഠിപ്പിച്ചുകൊടുക്കുന്ന അധ്യാപകനായുമാണ് യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ നിയോഗമുണ്ടായത്. യുദ്ധപ്രഖ്യാപനം നടത്തുകയെന്നത് ഒരിക്കലും ആ നിയോഗത്തിന്റെ ഭാഗമായിരുന്നില്ല. പക്ഷേ, ശത്രുക്കളുടെ ആക്രമണോത്സുകമായ നയം കാരണം യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ട പ്രവാചകന്‍, യുദ്ധഭൂമിയില്‍ അസാധാരണമായ യുദ്ധപാടവമാണ് പ്രകടിപ്പിച്ചത്. മദീനക്കു ചുറ്റും ശത്രുക്കള്‍ സംഘടിപ്പിച്ച പ്രതിരോധ നിരകള്‍ പിന്നീടൊരിക്കല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാത്തവിധം അദ്ദേഹം ശിഥിലമാക്കി.

സൈന്യത്തിന്റെയോ ആയുധത്തിന്റെയോ ബലത്തിലല്ല ഈ വിജയം സാധിച്ചിരിക്കുന്നത്. കാരണം, വാളെടുക്കുന്നതിനു മുമ്പ് ശത്രുക്കള്‍ രണാങ്കണം വിട്ടോടിപ്പോയ സംഭവങ്ങളുമുണ്ട്. ചരിത്രവസ്തുതകളെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍, മുസ്‌ലിംകള്‍ നേടിയ സൈനിക വിജയങ്ങളുടെയെല്ലാം രഹസ്യം മുസ്ലിങ്ങളുടെ വിശ്വാസത്തിന്റെ കരുത്തും പ്രവാചകന്റെ യുദ്ധ തന്ത്രജ്ഞതയുമാണെന്ന് കാണാം.


Comments

Popular posts from this blog

സാമൂഹികസമത്വത്തെ കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

FACTS AND ONLY FACTS

പ്രവാചകൻ തോട്ടത്തിൽ